സുബ്ഹി നമസ്കാരത്തിന് ശേഷം തിരിച്ചടിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി; എന്നാൽ ഇന്ത്യയുടെ ബ്രഹ്മോസ് എല്ലാം തകർത്തു -സമ്മതിച്ച് പാക് പ്രധാനമന്ത്രി
text_fieldsഇസ്‍ലാമാബാദ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ പാക് മണ്ണിൽ നാശംവിതച്ചതായി ഒരിക്കൽ കൂടി പൊതുമധ്യത്തിൽ സമ്മതിച്ച് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. സുബ്ഹി നമസ്കാരത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി നൽകാനായിരുന്നു പദ്ധതി. എന്നാൽ അതിനു മുമ്പേ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് പാകിസ്‍താനിലെ പ്രദേശങ്ങളിൽ നാശമുണ്ടാക്കിയതായും പാക് പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 22ന് 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്. ഓപറേഷൻ സിന്ദൂർ എന്നാണ് ഇന്ത്യയുടെ സൈനിക ദൗത്യത്തിന് പേരിട്ടത്. മുസാഫറബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിങ്ങനെ ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നാലെ, ഇന്ത്യയുമായി ചർച്ചക്ക് സന്നദ്ധത അറിയിച്ച് ശഹബാസ് ശരീഫ് രംഗത്തുവന്നിരുന്നു. എന്നാൽ അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്താനുമായി ചർച്ചകൾ നടക്കൂ എന്ന് ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ് ചെയ്തത്.
തീവ്രവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകില്ലെന്ന് ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

