‘അതൊരു ആണവ ദുരന്തമായേനേ...’; ഇന്ത്യ - പാക് വെടിനിർത്തലിൽ അവകാശവാദം തുടർന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ - പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. പരസ്പരം വെടിയുതിർക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി. ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘർഷമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ഓവൽ ഓഫീസിൽ ഇലോൺ മസ്കിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
“ഇന്ത്യ - പാകിസ്താൻ സംഘർഷം ഞങ്ങൾ നിർത്തി. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു. ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കളോട് നന്ദി പറയുന്നു. എന്റെ ജനങ്ങളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി വ്യാപാരം ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കൾക്ക് കാര്യങ്ങൾ മനസിലാകുകയും എല്ലാം അവസാനിക്കുകയും ചെയ്തു” -ട്രംപ് പറഞ്ഞു.
മേയ് 10നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്. ഇരുരാജ്യങ്ങളുടെ ഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടാകും മുമ്പ് താൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടിരുന്നു. പിന്നീട് പലതവണ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ, ഇരുരാജ്യങ്ങളുംതമ്മിൽ വെടിനിർത്തൽധാരണയിലെത്തുന്നതിൽ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൺ പുൽമേടിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിന് അർധരാത്രി ഇന്ത്യൻ സൈന്യം ‘ഓപറേഷൻ സിന്ദൂർ’ എന്നപേരിലുള്ള ദൗത്യം നടപ്പാക്കുകയായിരുന്നു. 26 പേർക്കാണ് പഹൽഗാമിൽ ജീവൻ നഷ്ടമായത്. ഓപറേഷൻ സിന്ദൂറിൽ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സായുധ സംഘർഷം ശക്തമാകുകയും മൂന്ന് ദിവസത്തിനു ശേഷം വെടിനിർത്തൽ പ്രഖ്യാപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

