Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവർക്ക് ശുചിമുറിയിൽ പോലും പോകാനാകില്ല’; ഇറാന് മേൽ പൂർണ നിരീക്ഷണമുണ്ടെന്ന് ട്രംപ്

text_fields
bookmark_border
‘ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവർക്ക് ശുചിമുറിയിൽ പോലും പോകാനാകില്ല’; ഇറാന് മേൽ പൂർണ നിരീക്ഷണമുണ്ടെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ഇറാന് മേൽ അമേരിക്കക്ക് പൂർണമായ നിരീക്ഷണ സംവിധാനങ്ങളുണ്ടെന്നും തങ്ങളുടെ കണ്ണുവെട്ടിച്ചുകൊണ്ട് ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അഹങ്കാരം നിറഞ്ഞ പ്രതികരണം പുറത്തുവന്നത്. ‘ഞങ്ങൾ എല്ലാം കാണുന്നുണ്ട്. ഞങ്ങളുടെ അനുവാദമില്ലാതെ അവർക്ക് അനങ്ങാൻ പോലുമാകില്ല, ഒരു ശുചിമുറിയിൽ പോകാൻ പോലും അവർക്ക് കഴിയില്ല’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ആവശ്യാനുസരണം ഇറാന് മേൽ ഇനിയും ആക്രമണങ്ങൾ നടത്താൻ തങ്ങൾ സന്നദ്ധരാണെന്നും ഈ താൽക്കാലിക സംഘർഷം അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ജൂലൈക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ശക്തമായ മിസൈൽ-ഷെല്ലാക്രമണത്തിലാണ് നിലവിലെ സംഘർഷം കലാശിച്ചത്. യു.എസ് ആക്രമണത്തിൽ ഇറാനിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. കുഹെസ്തക് നഗരത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിന് നേരെയും യു.എസ് വ്യോമാക്രമണമുണ്ടായതായി തെഹ്‌റാൻ വ്യക്തമാക്കി

കഴിഞ്ഞ ആറ് മാസമായി ഇറാൻ ഉപരോധിച്ചിരുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. അവിടെനിന്ന് ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി ദിവസവും തങ്ങളുടെ കപ്പലുകൾ സുരക്ഷിതമായി പുറപ്പെടുന്നുണ്ടെന്നും വല്ലപ്പോഴും ഇറാന്റെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടാൽ അവ വെടിവെച്ചിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഡാർ സംവിധാനങ്ങളും മിസൈലുകളും പുനഃസ്ഥാപിക്കാനും മൈനുകൾ നിക്ഷേപിക്കാനുമുള്ള ഇറാന്റെ പുതിയ ശ്രമങ്ങളെല്ലാം തങ്ങളുടെ മിസൈലാക്രമണത്തിലൂടെ തകർത്തതായും ട്രംപ് വ്യക്തമാക്കി.

ഹുർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാനായി ഇറാൻ നിർമിച്ചുകൊണ്ടിരുന്ന വലിയൊരു റോക്കറ്റിന്റെ പണി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് തങ്ങളത് കണ്ടെത്തി നശിപ്പിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. സൈനിക നടപടികൾക്ക് പുറമെ, ഇറാന്റെ വ്യാപാര പങ്കാളികൾക്ക് മേൽ കർശനമായ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായി ശ്വാസം മുട്ടിക്കുമെന്നും വാഷിങ്ടൺ വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം, യു.എസ് ഭീഷണികളെ വകവെക്കാതെ ശക്തമായ തിരിച്ചടിയാണ് ഇറാൻ നൽകുന്നത്. കുവൈത്ത്, ജോർഡൻ, യു.എ.ഇ, ബഹ്‌റൈൻ, ഇറാഖിലെ കുർദിസ്ഥാൻ സ്വയംഭരണ പ്രദേശം എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. അമേരിക്കയുടെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ‘പുതിയ തന്ത്രമാണ്’ ഇറാൻ സ്വീകരിച്ചിരിക്കുന്നതെന്ന് ഇറാന്റെ സുരക്ഷാ തലവൻ മുഹ്സിൻ റെസാഈ മുന്നറിയിപ്പ് നൽകി.

ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമവും സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങൾ പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉപരോധ-പ്രതിരോധ യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We See Everything In Iran: Trump Claims Total Surveillance
Next Story