നമുക്ക് ടിക്ടോക്കിനെ രക്ഷിക്കണമെന്ന് ട്രംപ്; ‘ബിസിനസ് ചൈനക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല’
text_fieldsTik Tok ban
വാഷിങ്ടൺ: നമുക്ക് ടിക്ടോക്കിനെ രക്ഷിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' വിജയ റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ടിക്ടോക്ക് വിഷയത്തിൽ ട്രംപ് നിലപാട് പ്രഖ്യാപിച്ചത്.
'നമുക്ക് ടിക്ടോക്കിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം, നമുക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. നമ്മുടെ ബിസിനസ് ചൈനക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല. ടിക് ടോക്കിന്‍റെ 50 ശതമാനം യു.എസ് സ്വന്തമാക്കുമെന്ന വ്യവസ്ഥയിൽ ടിക് ടോക്കിന് അംഗീകാരം നൽകി -ട്രംപ് വ്യക്തമാക്കി.
അമേരിക്ക നേരിടുന്ന ഓരോ പ്രതിസന്ധിയും ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവർത്തിച്ച് പരിഹാരം കാണും. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാൻ പോകുന്നു. നീണ്ട നാലു വർഷത്തെ രാജ്യത്തിന്‍റെ പതനത്തിന് തിരശ്ശീല വീഴുകയാണ്. അമേരിക്കയുടെ ശക്തിയുടെയും സമൃദ്ധിയുടെയും അന്തസിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പുതിയ ദിനം ആരംഭിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക് നിരോധനം യു.എസിൽ ഞായറാഴ്ച മുതൽ നിലവിൽ വരുമെന്നാണ് ജോ ബൈഡൻ സർക്കാർ പ്രഖ്യാപിച്ചത്. ജനുവരി 19നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യു.എസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ബൈഡന് സര്ക്കാര് നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചിരുന്നത്.
ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളുകയും ചെയ്തു.
ടിക് ടോക് യു.എസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ പിയറി വ്യക്തമാക്കിയത്. നിയമം നടപ്പാക്കേണ്ടത് ട്രംപ് ഭരണകൂടമാണെന്നും അവർ ചൂണ്ടിക്കായിരുന്നു.
അതേസമയം, നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും അധികാരത്തിൽ വന്ന ശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നുമാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

