'തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് കരച്ചിൽ ഞങ്ങൾക്ക് കേൾക്കാം; പക്ഷേ, ഒന്നും ചെയ്യാനാവാത്ത അവസ്ഥ'
text_fieldsഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന വീടിന് മുന്നിലിരിക്കുന്ന കുട്ടി
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ഇടവേളയില്ലാതെ തുടരുമ്പോൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിനാളുകൾ. തകരുന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം പോലും പലയിടത്തുമില്ല. ആയിരത്തിലേറെ മൃതദേഹങ്ങൾ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
ദിവസം കഴിയുന്തോറും സാഹചര്യം അങ്ങേയറ്റം വഷളാവുകയാണെന്ന് ഗസ്സയിലെ ഡോക്ടറായ അഹ്മദ് ഷഹീൻ പറയുന്നു. 'ഇസ്രായേൽ ബോംബാക്രമണം നിർത്താതെ തുടരുകയാണ്. അതിർത്തിയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും കടലിൽ നിന്നും ആക്രമിക്കുകയാണ്. തകരുന്ന കെട്ടിടങ്ങൾക്കടിയിൽപ്പെടുന്നവരെ പുറത്തെടുക്കാൻ പോലുമാകുന്നില്ല. അവർ കരയുന്നതും രക്ഷിക്കാൻ അലറിവിളിക്കുന്നതും കേൾക്കാനാകും, ഞങ്ങൾക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് ആശുപത്രികൾ നിറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളിൽ സ്ഥലമില്ല. ഇവിടുത്തെ ജനം അനുഭവിക്കുന്ന ഭീതി വാക്കുകളാൽ പറയാവുന്നതിലപ്പുറമാണ്. വെള്ളമില്ല, വൈദ്യുതിയില്ല. കുടിക്കാൻ പോലും വെള്ളമില്ലാത്ത അങ്ങേയറ്റം ദുരന്ത സാഹചര്യമാണിവിടെ' -ഡോ. അഹ്മദ് ഷഹീൻ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള യന്ത്രസൗകര്യം ഗസ്സയിലില്ല. പലയിടത്തും ആളുകൾ കൈകളാൽ എടുത്ത് മാറ്റിയാണ് അവശിഷ്ടങ്ങൾ നീക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെയുള്ളവരെ രക്ഷിക്കാൻ യന്ത്രങ്ങൾ ഗസ്സയിലേക്ക് കടത്തിവിടണമെന്ന് സിവിൽ ഡിഫൻസ് സേന അഭ്യർഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2808 ആയിരിക്കുകയാണ്. 10,859 പേർക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 57 പേരാണ് കൊല്ലപ്പെട്ടത്. 1200 പേർക്ക് പരിക്കേറ്റു. ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത് 1400 പേരാണ്. 3500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

