‘ബന്ദികളെ വിട്ടയക്കാം, അധികാരമൊഴിയാം... എന്നാൽ’; ട്രംപിന്റെ ഇരുപതിന ഗസ്സ പദ്ധതിയിൽ പ്രതികരിച്ച് ഹമാസ്
text_fieldsഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന റാലിയിൽ നിന്ന്
കൈറോ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഒട്ടും പിണക്കാതെ യു.എസ് മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ പദ്ധതിയിൽ പകുതി സമ്മതവുമായി ഹമാസിന്റെ പ്രതികരണം. മറ്റു ഫലസ്തീനികൾക്കെങ്കിൽ ഗസ്സ അധികാരം കൈമാറാൻ ഒരുക്കമാണെന്നും ബന്ദികളെ എളുപ്പം വിട്ടൊഴിയാമെന്നും സമ്മതിച്ച ഹമാസ് പക്ഷേ, മറ്റു നിബന്ധനകൾക്ക് സമ്മതം മൂളിയിട്ടില്ല. അത് ചർച്ചകളിൽ തീരുമാനമാക്കാമെന്നാണ് പ്രതികരണം. ഹമാസ് നൽകിയ മറുപടിയുടെ പൂർണ രൂപം:
ഗസ്സ മുനമ്പിലെ ദൃഢചിത്തരായ മനുഷ്യർക്കെതിരായ ആക്രമണവും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്ന പ്രതിബദ്ധതയും ദേശീയ ഉത്തരവാദിത്തവും കണക്കിലെടുത്ത് ഹമാസ് നേതൃത്വം പരസ്പരവും ഫലസ്തീനിലെ വിവിധ വിഭാഗങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്ത് മധ്യസ്ഥർക്ക് കൈമാറുന്നത്. അറബ്, ഇസ്ലാമിക, രാജ്യാന്തര സമൂഹങ്ങളും യു.എസ് പ്രസിഡന്റും നടത്തുന്ന ശ്രമങ്ങളെ ഹമാസ് സ്വാഗതംചെയ്യുന്നു.
ഗസ്സ മുനമ്പിൽ യുദ്ധവിരാമവും തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റവും ഗസ്സയിലേക്ക് സഹായം എത്തിക്കലും അധിനിവേശം അവസാനിപ്പിക്കലും ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങൾ. ട്രംപ് പദ്ധതി നിർദേശിക്കുംപ്രകാരം ജീവനോടെയും മരിച്ചുമുള്ള എല്ലാ ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സമ്മതിക്കുന്നതായി അറിയിക്കുന്നു. ഇത് പക്ഷേ, യുദ്ധവിരാമവും ഗസ്സ മുനമ്പിൽനിന്ന് സമ്പൂർണ പിന്മാറ്റവും ഉറപ്പാക്കുന്നതാകണമെന്ന ഉപാധിയോടെയാണ്. കൈമാറാൻ ആവശ്യമായ നിബന്ധനകൾ പാലിക്കപ്പെടുകയും വേണം.
ഫലസ്തീനികളായ ഉദ്യോഗസ്ഥരടങ്ങിയ സമിതിക്ക് ഗസ്സയുടെ അധികാരം കൈമാറാമെന്ന സമ്മതം ആവർത്തിക്കുന്നു. ഫലസ്തീനികളുടെ സമ്മതത്തോടെയും അറബ്, ഇസ്ലാമിക സമൂഹ പിന്തുണയോടെയുമാകണം ഈ സമിതി. ഗസ്സയുടെ ഭാവി, ഫലസ്തീനി ജനതയുടെ മൗലികാവകാശങ്ങൾ എന്നിങ്ങനെ പ്രസിഡന്റ് ട്രംപിന്റെ നിർദേശങ്ങളിലെ മറ്റു വിഷയങ്ങൾ മൊത്തം ദേശീയ നിലപാടിന്റെ ഭാഗമായതിനാൽ സമഗ്ര ഫലസ്തീനി ദേശീയ ചട്ടക്കൂട് പ്രകാരം ചർച്ച നടത്തേണ്ടതാണ്. ഹമാസ് ഉത്തരവാദിത്തബോധത്തോടെ പൂർണാർഥത്തിൽ അതിൽ പങ്കാളികളാകുമെന്നും അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

