‘ഇത് ഞങ്ങൾക്ക് ചെയ്യാനാവുന്നതിൽ ഏറ്റവും ചെറുത്’; ഇസ്രായേലിൽ നിന്ന് മോചിതയായ ഗ്രെറ്റ തുൻബർഗ്
text_fieldsഏതൻസ്: ചെയ്യാനാവുന്നതിൽ ഏറ്റവും കുറഞ്ഞ കാര്യമാണ് ഗസ്സക്കുവേണ്ടി ചെയ്യുന്നതെന്ന് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബെർഗ്. ഇസ്രായേലി തടവിൽ നിന്ന് മോചിതയായതിനു ശേഷമുള്ള അവരുടെ ആദ്യ പ്രസ്താവനയാണിത്. ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രമങ്ങളെ വിമർശിച്ച ഗ്രെറ്റ ഇത് വംശഹത്യ ലക്ഷ്യമിട്ടുള്ളതാണെന്നും പറഞ്ഞു.
‘വംശഹത്യ ലക്ഷ്യത്തോടെ ഇസ്രായേൽ അവരുടെ കൂട്ടക്കൊല വർധിപ്പിക്കുകയും കൂടുതൽ വഷളാക്കുകയും ചെയ്തുകൊണ്ടിരുന്നു. നമ്മുടെ കൺമുന്നിൽ ഒരു മുഴുവൻ ജനതയെയും ഒരു മുഴുവൻ രാഷ്ട്രത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ആളുകൾ പട്ടിണി കിടക്കുമ്പോൾ ഗസ്സയിലേക്ക് മാനുഷിക സഹായം എത്തുന്നത് തടഞ്ഞുകൊണ്ട് അവർ വീണ്ടും അന്താരാഷ്ട്ര നിയമം ലംഘിച്ചു. സർക്കാറുകളുടെയും മാധ്യമങ്ങളുടെയും ഇതിലുള്ള പങ്കാളിത്തം അവസാനിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും’ 22 കാരിയായ ആക്ടിവിസ്റ്റ് ഓർമിപ്പിച്ചു.
ഇസ്രായേൽ തന്നോടും മറ്റുള്ളവരോടും കാണിച്ച മോശം പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാമെന്നും എന്നാൽ, അത് രണ്ടാം സ്ഥാനത്താണെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തുൻബർഗ് പറഞ്ഞു.
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് പോയ 44 ബോട്ടുകളെ തടഞ്ഞതിനുശേഷം, ഗ്രെറ്റ തുൻബെർഗിനെയും മറ്റ് 170 മനുഷ്യാവകാശ പ്രവർത്തകരെയും ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കും ഇസ്രായേൽ നാടുകടത്തിയിരുന്നു. തിങ്കളാഴ്ച ഗ്രീസിൽ എത്തിയപ്പോൾ ഫലസ്തീൻ അനുകൂലികളായ നൂറുകണക്കിനാളുകൾ ഗ്രെറ്റയെ ആഹ്ലാദത്തോടെ പൊതിഞ്ഞു.
ഗസ്സയിലെ ഇസ്രായേലിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിക്കാനും ഉപരോധിക്കപ്പെട്ടിടത്തേക്ക് മാനുഷിക സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണ് ആഗസ്റ്റ് 31ന് ബാഴ്‌സലോണയിൽ നിന്ന് ഫ്ലോട്ടില്ല പുറപ്പെട്ടത്.
നാടുകടത്തപ്പെട്ടവർ ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, സ്വീഡൻ, പോളണ്ട്, ജർമനി, ബൾഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്സംബർഗ്, ഫിൻലാൻഡ്, ഡെൻമാർക്ക്, സ്ലൊവാക്യ, സ്വിറ്റ്സർലൻഡ്, നോർവെ, യു.കെ, സെർബിയ, യു.എസ് എന്നിവിടങ്ങളിലെ പൗരന്മാരാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ രൂപകൽപന ചെയ്ത ഒരു പി.ആർ സ്റ്റണ്ട് ആണെന്ന് നാടുകടത്തൽ വ്യാഖ്യാനങ്ങളെന്നും അത് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

