ലണ്ടൻ: സഭയിൽ അശ്ലീല വിഡിയോ കണ്ടെന്ന വിവാദത്തിൽ കുരുങ്ങി ബ്രിട്ടനിൽ പാർലമെന്റ് അംഗം രാജിവെച്ചു. കൺസർവേറ്റിവ് പാർട്ടി അംഗം നീൽ പാരിഷ് ആണ് രാജിവെച്ചത്. ഹൗസ് ഓഫ് കോമൺസ് സഭ ചേർന്ന ഘട്ടത്തിൽ രണ്ടു തവണ അശ്ലീലം കണ്ടെന്നാണ് കുറ്റസമ്മതം.
രാജ്യം പ്രാദേശിക തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ നിരവധി വിവാദങ്ങളിൽ ഉഴലുന്ന ബോറിസ് ജോൺസൺ സർക്കാറിന് കുരുക്കാകുന്നതാണ് രാജി. നേരത്തേ കോവിഡ് ചട്ട ലംഘനത്തിന് ബോറിസ് ജോൺസണിന് പിഴ ലഭിച്ചിരുന്നു. സമാനമായി, ഡൗണിങ് സ്ട്രീറ്റിലെ പാർട്ടികൾ സംബന്ധിച്ച് അദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്.
സ്വന്തം പാർട്ടിയിലെ അംഗങ്ങൾ കടുത്ത സമ്മർദവുമായി രംഗത്തെത്തിയതോടെയാണ് മറ്റു വഴികളില്ലാതെ രാജിക്കു വഴങ്ങിയത്.
2010 മുതൽ സഭയിൽ അംഗമായ പാരിഷ് പരിസ്ഥിതി, ഭക്ഷണ, ഗ്രാമീണകാര്യ സമിതി ചെയർമാനായിരുന്നു. നീൽ പാരിഷ് രാജിവെച്ചതോടെ അദ്ദേഹം പ്രതിനിധാനം ചെയ്ത ടിവേർട്ടൺ ആൻഡ് ഹോണിറ്റണിൽ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതാകട്ടെ, ബോറിസ് ജോൺസണിന് അഗ്നിപരീക്ഷയുമാകും.