വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ പേര് മാറിപ്പോയി, ചിരിയുണർത്തി വാർത്താസമ്മളനം
text_fieldsവാഷിങ്ടൺ: വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരെയ്ൻ ജീൻ പിയറിക്ക് വൻ അബദ്ധം സംഭവിച്ചു. അമേരിക്കൻ പ്രസിഡന്റിനെ മാറിപ്പോയതാണ് കരെയ്ന് സംഭവിച്ച അബദ്ധം. ഇത് എല്ലാവരിലും ചിരിയുണർത്തിയിരിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോബൈഡനെ പരാമർശിക്കുന്നതിന് പകരം പ്രസിഡന്റ് ഒബാമ എന്നാണ് കരെയ്ൻ സൂചിപ്പിച്ചത്. പറഞ്ഞതിനു ശേഷം അബദ്ധം തിരിച്ചറിഞ്ഞ കരെയ്ൻ ഉടൻ തിരുത്തുകയും ചെയ്തു.
എങ്കിലും പ്രസ് സെക്രട്ടറിക്ക് സംഭവിച്ച അബദ്ധം മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരിലും ചിരിയുണർത്തി.
‘ഇന്ന് നിങ്ങളെല്ലാവരും കണ്ടതാണ്, ഒരു മണിക്കൂർ മുമ്പ് പ്രസിഡന്റ് ഒബാമ അത് പ്രഖ്യാപിച്ചു’ - കരെയ്ൻ പറഞ്ഞു. എന്നാൽ പ്രസിഡന്റ് ഒബാമ എന്ന പരാമർശം മാധ്യമപ്രവർത്തകരിൽ അത്ഭുതമുളവാക്കി. അവരുടെ ആശ്ചര്യം കണ്ടപ്പോഴാണ് കരെയ്ന് അബദ്ധം തരിച്ചറിയാനായത്. ‘ക്ഷമിക്കണം, പ്രസിഡന്റ് ബൈഡൻ’ - എന്ന് അവർ ഉടൻ തിരുത്തി. ‘ഇതൊരു വാർത്തയാണ്. നമ്മൾ മുന്നോട്ടല്ല, പിറകിലേക്കാണ് പോകുന്നതെന്ന് എനിക്കറിയാം, നമുക്ക് മുന്നോട്ട് പോകണം.’ - അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
ലോക ബാങ്കിലേക്കുള്ള ജോ ബൈഡന്റെ നോമിനിയെ പ്രഖ്യാപിക്കാനാണ് കരെയ്ൻ വാർത്താസമ്മേളനം വിളിച്ചത്. ‘ലോക ബാങ്ക് പ്രസിഡന്റായി യു.എസ് നിർദേശിക്കുന്നത് അജയ് ബംഗയെയാണ്. ലോക ബാങ്കിനെ നയിക്കാൻ എന്തുകാണ്ടും യോഗ്യൻ അദ്ദേഹമാണെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടു വരുന്ന കമ്പനികളെ ഉൾപ്പെടെ കൈകാര്യം ചെയ്തിട്ടുള്ള ബിസിനസുകാരനാണ് അദ്ദേഹം.’ -കരെയ്ൻ വ്യക്തമാക്കി.