'വാക്സിനെടുത്താൽ കഞ്ചാവ് ഫ്രീ'; വാഷിങ്ടണിൽ ഇങ്ങനെയും വാക്സിൻ കാമ്പയിൻ
text_fieldsവാഷിങ്ടൺ ഡി.സി: ലോകമെമ്പാടും വാക്സിനേഷൻ ക്യാമ്പയിൻ സജീവമായി മുന്നേറുമ്പോൾ, കുത്തിവെപ്പിന് ആളുകളെ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തമായൊരു കാമ്പയിനുമായി യു.എസിലെ വാഷിങ്ടൺ സംസ്ഥാനം. 'ജോയിന്‍റ്സ് ഫോർ ജാബ്സ്' (വാക്സിനെടുക്കൂ, കഞ്ചാവടിക്കൂ) എന്ന കാമ്പയിനാണ് കൂടുതൽ പേരെ വാക്സിൻ കേന്ദ്രത്തിലെത്തിക്കാൻ അധികൃതർ സംഘടിപ്പിക്കുന്നത്. 21 വയസിന് മുകളിലുള്ളവർക്കാണ് ഈ ഓഫർ ലഭ്യമാകുക.
നമ്മുടെ നാട്ടിൽ മദ്യം ലഭിക്കുന്നതു പോലെ നിയന്ത്രിത അളവിൽ കഞ്ചാവ് ലഭിക്കുന്ന സംസ്ഥാനമാണ് വാഷിങ്ടൺ. വാക്സിനെടുക്കുന്നവർക്ക് കഞ്ചാവ് നൽകുന്ന പദ്ധതി കഴിഞ്ഞ തിങ്കളാഴ്ചയാണ് ലിക്വർ ആൻഡ് കന്നാബിസ് ബോർഡ് പ്രഖ്യാപിച്ചത്. വാക്സിനെടുക്കുന്നവർക്ക് സർക്കാർ നിയന്ത്രണത്തിലുള്ള കഞ്ചാവ് വിൽപന കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് പൊതി ലഭിക്കുന്നതാണ് പുതിയ പദ്ധതി.
"Joints for jabs." Washington state says licensed marijuana stores can offer free pot to promote coronavirus vaccine clinics. https://t.co/B22yHL2EWD https://t.co/3Q0JSjw1Os
— The Associated Press (@AP) June 8, 2021
വാഷിങ്ടണിലെ 54 ശതമാനം പേരും ഒരു തവണയെങ്കിലും വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവസാന ആഴ്ചകളിൽ വാക്സിൻ നിരക്കിൽ ഇടിവ് സംഭവിച്ചതാണ് പുതിയ ഓഫറുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. യു.എസിലെ വടക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 2012 മുതൽ നിയന്ത്രിത കഞ്ചാവ് വിൽപന നിയമവിധേയമാണ്.
വാക്സിനെടുക്കുന്നവർക്ക് മദ്യം സൗജന്യമായി നൽകുന്ന പദ്ധതി നേരത്തെ വാഷിങ്ടണിൽ നടപ്പാക്കിയിരുന്നു. കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആറ് മാസത്തിനിടെയാണ് ഈ 'ഓഫർ' ഉപയോഗിക്കാനാകുക.
കാലിഫോർണിയ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ 'വാക്സിൻ ലോട്ടറി' പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് സമ്മാനം നൽകുന്നതായിരുന്നു പദ്ധതി.
വാക്സിനെടുത്താൽ കഞ്ചാവ് നൽകുന്ന പദ്ധതി ജൂലൈ 12 വരെയാണ് നടപ്പാക്കുക. അമേരിക്കൻ സ്വാതന്ത്രദിനമായ ജൂലൈ നാലോടെ 70 ശതമാനം ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിരിക്കണമെന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 63.7 ശതമാനം പേരാണ് അമേരിക്കയിൽ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

