ഹിമാനി തകർന്ന് രൂപപ്പെട്ട ജലാശയം വലിയ സുരക്ഷാ ഭീഷണി; കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടന്ന് മുന്നറിയിപ്പ്
text_fieldsകാഠ്മണ്ഡു: ചൈന-നേപാൾ അതിർത്തിയിൽ ഹിമാനി ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് രൂപംകൊണ്ട ജലാശയം വലിയ സുരക്ഷാ ഭീഷണിയാകുന്നു. പുരെപു സംഗ്പോ നദിയിൽ ഹിമാനി തകർന്നുണ്ടായ പുതിയ തടാകത്തിന്റെ വലിപ്പം കുറഞ്ഞത് ആശ്വാസകരമാണെങ്കിലും, അപകടസാധ്യത പൂർണ്ണമായി ഒഴിവായിട്ടില്ലെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം വെള്ളം പതുക്കെ ഒഴുകിപ്പോകാൻ തുടങ്ങിയത് ജലനിരപ്പ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടത്തിയ നിരീക്ഷണത്തിൽ തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം 99,000 ചതുരശ്ര മീറ്ററായി (14 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം) കുറഞ്ഞതായി ജലവിഭവ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് 21,000 ചതുരശ്ര മീറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ചയുണ്ടായ ഹിമാനി ദുരന്തത്തിൽ പാറകളും മഞ്ഞും ചെളിയും മലവെള്ളവും കുത്തൊഴുക്കായി എത്തി ചൈനയിലെ ടിബറ്റിനെ നേപാളുമായി ബന്ധിപ്പിക്കുന്ന ബോർഡർ പോർട്ട് സമുച്ചയം പൂർണ്ണമായി തകർത്തിരുന്നു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്ത ദുരന്തഭൂമിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടയിലാണ് താഴ്‌വരയിൽ കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദുരന്തമേഖലയിൽ രൂപപ്പെട്ട രണ്ട് തടാകങ്ങളും പൂർണ്ണമായി ഒഴുകിപ്പോകുന്നത് വരെ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുമെന്ന് നേപാൾ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യത്തെ തടാകത്തിന് പുറമെ ഹിമാനിയുടെ അടിഭാഗത്തായി മറ്റൊരു വലിയ ജലാശയം കൂടി രൂപപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിസ്തീർണ്ണം 1,20,000 ചതുരശ്ര മീറ്ററിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ആഴം എത്രയെന്ന് ഇതുവരെ തികച്ചും അവ്യക്തമാണ്. പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും ആശയവിനിമയ സംവിധാനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൈനയിൽ ഇതുവരെ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ നിന്ന് അഞ്ഞൂറിലധികം ഗ്രാമീണരെയും നിർമ്മാണ തൊഴിലാളികളെയും 555 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്.
നേപ്പാളിൽ നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടം വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നിൽ ഭൂകമ്പമല്ലെന്നാണ് ശാസ്ത്രജ്ഞരും ഉപഗ്രഹ നിരീക്ഷണ ഏജൻസികളും ഇപ്പോൾ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയൻ ഹിമാനിയുടെ (ഗ്ലേസിയർ) വലിയൊരു ഭാഗവും പാറക്കെട്ടുകളും തകർന്നു വീണതാണ് ത്രിശൂലി, ഭോട്ടെ കോശി നദീതീരങ്ങളിൽ ദുരന്തം വിതച്ച പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനമാണ് ഹിമാനി അടർന്നു വീണപ്പോൾ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഉയരത്തിൽ നിന്ന് പതിച്ച ദശലക്ഷക്കണക്കിന് ടൺ മഞ്ഞും പാറക്കല്ലുകളും 1.2 കിലോമീറ്ററോളം താഴേക്ക് പതിച്ചതോടെ ഉണ്ടായ ഘർഷണവും ഊർജ്ജവും മഞ്ഞിനെ ദ്രുതഗതിയിൽ ഉരുകി ചെളിനിറഞ്ഞ ശക്തമായ മലവെള്ളമാക്കി മാറ്റി. ഈ അവശിഷ്ടങ്ങൾ താഴ്‌വരയിലെ ലെന്ദെ ഖോല നദിയെ താത്കാലികമായി തടഞ്ഞ് പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെടാൻ ഇടയാക്കി. എന്നാൽ മിനിറ്റുകൾക്കകം വർദ്ധിച്ചുവന്ന ജലസമ്മർദ്ദം കാരണം ഈ അണക്കെട്ട് പൊട്ടുകയും ഒമ്പത് മീറ്ററോളം ഉയരത്തിൽ ചെളി കലങ്ങിയ കൂറ്റൻ ജലപ്രവാഹം താഴ്വാരങ്ങളിലേക്ക് കുതിച്ചെത്തുകയുമായിരുന്നു.
ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് ഹിമാലയൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. പാറകളെയും മഞ്ഞിനെയും പരസ്പരം ഉറപ്പിച്ചു നിർത്തുന്ന 'പെർമാഫ്രോസ്റ്റ്' അന്തരീക്ഷ താപനില ഉയരുന്നതുമൂലം ഉരുകുന്നതാണ് പർവത ചരിവുകൾ തകരാൻ പ്രധാന കാരണം. ലങ്താങ് ലിരുങ് ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലെ ഹിമാനികളുടെ ദ്രുതഗതിയിലുള്ള പിന്മാറ്റവും അസ്ഥിരതയും ഹിമാലയൻ താഴ്‌വരകളിൽ ഭാവിയിലും ഇത്തരം മിന്നൽ പ്രളയങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഹിമാലയൻ മലനിരകളുടെ സവിശേഷമായ ഭൂപ്രകൃതിയും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമായി. അതിശക്തമായ ചരിവുകളിലൂടെ അതിവേഗത്തിൽ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ താഴേക്കുള്ള യാത്രയിൽ നദീതടങ്ങളിലെ മണ്ണും ഭീമാകാരമായ പാറക്കൂട്ടങ്ങളും പിഴുതെറിഞ്ഞ് കൂടെക്കൊണ്ടുപോവുകയായിരുന്നു. മലയിടുക്കുകളിലൂടെ സ്വാഭാവിക ഫണൽ പോലെ വെള്ളത്തിന്റെ ഒഴുക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ താഴെയുള്ള പ്രദേശങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നിമിഷങ്ങൾക്കകം ദുരന്തം ആഞ്ഞടിച്ചു. രക്ഷാപ്രവർത്തനം നടത്താനോ മുൻകരുതലുകൾ സ്വീകരിക്കാനോ ആളുകൾക്ക് സമയം ലഭിച്ചില്ല.
മലയോര മേഖലകളിൽ സമതല പ്രദേശങ്ങൾ വളരെ കുറവായതിനാൽ നദീതീരങ്ങളെ ആശ്രയിച്ചാണ് ജനവാസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കപെടുന്നത്. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ, റോഡുകൾ, പാലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം നദീതീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ലന്ദെ ഖോലയിൽ നിന്നാരംഭിച്ച മലവെള്ളപ്പാച്ചിൽ ഭോട്ടെ കോശി, ത്രിശൂലി, നാരായണി നദീതടങ്ങളിലൂടെ ഒഴുകിയെത്തി നേപ്പാൾ-ടിബറ്റ് അതിർത്തി വ്യാപാര കേന്ദ്രമായ ഗൈറോങ് തുറമുഖത്തെയും ഒട്ടേറെ ജലവൈദ്യുത നിലയങ്ങളെയും നിമിഷനേരം കൊണ്ട് തകർത്തു തരിപ്പണമാക്കി.
മഴക്കാലത്തെ സാധാരണ പ്രളയങ്ങളിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഇത്തരം അതിവേഗ ഹിമാനി തകർച്ചകൾ ഹിമാലയൻ ജനതയ്ക്ക് പുതിയൊരു ഭീഷണിയാണ് ഉയർത്തുന്നത്. ഈ നദീശൃംഖലകൾ പിന്നീട് ഇന്ത്യയിലെ ഗണ്ഡക് നദിയിലേക്കാണ് ഒഴുകിയെത്തുന്നത് എന്നതിനാൽ ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങളിലും വലിയ ജാഗ്രതാ നിർദ്ദേശം നൽകേണ്ടിവന്നു. പരമ്പരാഗത പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ കൊണ്ട് മാത്രം ഇത്തരം മിന്നൽ പ്രളയങ്ങളെ നേരിടാനാവില്ലെന്നും, അന്താരാഷ്ട്ര തലത്തിൽ അതിർത്തികൾ കടന്നുള്ള തത്സമയ ഉപഗ്രഹ നിരീക്ഷണവും ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

