യുദ്ധമോ സമാധാനമോ? കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്
text_fieldsദക്ഷിണ ലബനാനിലെ തുറമുഖ നഗരമായ സൗറിൽ ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ മിസൈൽ പതിച്ച കെട്ടിടത്തിൽ പുകയുയരുന്നു
വാഷിങ്ടൺ/ബൈറൂത്: ഇറാനുമായി അടുത്ത ദിവസങ്ങളിൽ തന്നെ സമാധാന കരാർ സാധ്യമാകുമെന്നാവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞദിവസം, ഇസ്രായേലും ഇറാനും പരസ്പരം വെടിനിർത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
‘ഞങ്ങൾ ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു നല്ല കരാർ ഉണ്ടാക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ എല്ലാം നൽകാൻ തയാറാണ്, എന്നാൽ ആണവായുധം നൽകില്ല’ -ട്രംപ് പറഞ്ഞു. ഈ പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നും രണ്ടാഴ്ചക്കുള്ളിൽ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദക്ഷിണ ലബനാനിൽ മാത്രം 14 പേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ സൗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിനുമുമ്പ് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളും ആയുധശേഖരങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, സാധാരണ ജനവാസ മേഖലകളാണ് ആക്രമണത്തിൽ കൂടുതലായി ബാധിക്കപ്പെട്ടതെന്ന് ലബനാൻ അധികൃതർ ആരോപിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഹുർമുസിൽ യു.എസ് സൈനിക കോപ്ടർ തകർന്നുവീണു
വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിന് സമീപം യു.എസ് ആർമി അപ്പാഷെ ഹെലികോപ്ടർ തകർന്നുവീണു. അതിലെ രണ്ട് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. പൈലറ്റുമാർ സുരക്ഷിതരാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് സ്ഥിരീകരിച്ചു. ഇറാന്റെ വെടിവെപ്പിൽ വിമാനം തകർന്നതാണെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
‘പൈലറ്റുമാർ സുഖമായിരിക്കുന്നു. ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് ഞങ്ങൾ നാളെ ഒരു റിപ്പോർട്ട് പുറത്തിറക്കും’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തൽ ലംഘിച്ച് കഴിഞ്ഞ ദിവസം ഇറാനും ഇസ്രായേലും സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടയിലാണ് യു.എസിന്റെ ഹെലികോപ്ടർ തകർന്നുവീഴുന്നത്.
ഹുർമുസിന് സമീപം ഇറാനിയൻ കപ്പലുകൾക്കെതിരെയുള്ള ഉപരോധം നടപ്പിലാക്കാൻ യു.എസ് അപ്പാച്ചെ ഹെലികോപ്ടറുകളാണ് ഉപയോഗിച്ച് വരുന്നത്. കഴിഞ്ഞ ദിവസം ഹുർമുസിന് സമീപം ഇറാനിയൻ ഡ്രോണുകൾ യു.എസ് വെടിവെച്ചിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

