'എനിക്ക് ഇംറാൻ ഖാനെ കൊല്ലണമായിരുന്നു'; കാരണം തുറന്നുപറഞ്ഞ് അക്രമി -VIDEO
text_fieldsഅക്രമിയുടെ കുറ്റസമ്മത വിഡിയോയിൽ നിന്ന്
ഇസ്‌ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ വധിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് വെടിയുതിർത്ത അക്രമി. വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലിന് വെടിയേറ്റ ഇംറാൻ ഖാന്‍റെ പരിക്ക് ഗുരുതരമല്ല. അതേസമയം, ഒപ്പം വെടിയേറ്റ അനുയായിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
'ഇംറാൻ ഖാനെ കൊല്ലുകയായിരുന്നു എന്‍റെ ഉദ്ദേശം. കാരണം, ഇംറാൻ ഖാൻ ജനങ്ങളെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത്. ഇംറാൻ ഖാനെ മാത്രമാണ് ഞാൻ ലക്ഷ്യംവെച്ചത്. മറ്റാരെയെങ്കിലും ഉപദ്രവിക്കണമെന്നുണ്ടായിരുന്നില്ല. ലഹോറിൽ റാലി തുടങ്ങിയത് മുതൽ ഇംറാൻ ഖാനെ കൊല്ലാൻ ഞാൻ പദ്ധതിയിട്ടിരുന്നു. എന്‍റെ പിന്നിൽ മറ്റാരും ഇല്ല. റാലി നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിലാണ് വന്നത്' - കുറ്റസമ്മത വിഡിയോയിൽ അക്രമി പറയുന്നു.
ഇംറാൻ ഖാന്റെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിനിടെയാണ് അക്രമി വെടിയുതിർത്തത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തുന്നത്. 'ഹഖീഖി ആസാദി മാർച്ച്' എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

