Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് ഗ്രീൻ കാർഡ്...

യു.എസ് ഗ്രീൻ കാർഡ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി; താൽക്കാലിക വിസക്കാർ അപേക്ഷിക്കാൻ സ്വന്തം നാട്ടിലേക്ക് മടങ്ങണം

text_fields
bookmark_border
US green card
cancel

വാഷിങ്ടൺ: അമേരിക്കയിൽ താൽക്കാലിക വിസകളിൽ കഴിയുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള 'ഗ്രീൻ കാർഡ്' സ്വന്തമാക്കുന്നതിനുള്ള നിയമങ്ങൾ പൂർണ്ണമായി പരിഷ്കരിച്ച് യു.എസ് ഭരണകൂടം. പുതിയ നയപ്രകാരം താൽക്കാലിക വിസയിലെത്തി അമേരിക്കയിൽ കഴിയുന്നവർ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ ഇനി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. ഇതോടെ യു.എസിനുള്ളിൽ വെച്ച് തന്നെ അപേക്ഷ സമർപ്പിക്കുന്ന രീതിക്ക് കടുത്ത നിയന്ത്രണങ്ങൾ വരും.

നിലവിൽ സ്റ്റുഡന്റ്, ടൂറിസ്റ്റ്, വർക്ക് വിസകളിൽ അമേരിക്കയിൽ കഴിയുന്ന വിദേശികൾക്ക് രാജ്യം വിടാതെ തന്നെ അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ എന്ന ഈ പ്രക്രിയയിലൂടെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ പുതിയ നയരേഖയിൽ അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് എന്നത് വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രം നൽകുന്ന ഒരു ഇളവ് മാത്രമായി ചുരുക്കിയിരിക്കുകയാണ്. വളരെ സവിശേഷവും അസാധാരണവുമായ കേസുകളിൽ മാത്രമേ ഇനി രാജ്യത്തിനകത്ത് നിന്നുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളൂ.

ദീർഘകാലമായി നിലനിൽക്കുന്ന ഇമിഗ്രേഷൻ നിയമങ്ങളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് പുതിയ നയരേഖയെന്ന് യു.സി.ഐ.എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അപേക്ഷകന് ഈ ഇളവ് നൽകാൻ തക്കതായ സാഹചര്യമുണ്ടോ എന്ന് ഓരോ കേസും പ്രത്യേകം പരിശോധിച്ചാവും ഉദ്യോഗസ്ഥർ തീരുമാനമെടുക്കുക.

രാജ്യത്തെ ഇമിഗ്രേഷൻ നിയമത്തി​ന്റെ യഥാർത്ഥ ലക്ഷ്യം വീണ്ടെടുക്കാനും നിയമത്തിലെ പഴുതുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും വേണ്ടിയാണ് ഈ നീക്കമെന്ന് യു.സി.ഐ.എസ് വക്താവ് സാക്ക് കഹ്‌ലർ വ്യക്തമാക്കി. ഇ​തോടെ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെട്ടതിന് ശേഷം രാജ്യം വിടാതെ 'അജ്ഞാതരായി' അമേരിക്കയിൽ നിയമവിരുദ്ധമായി തുടരുന്ന പ്രവണത ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് യു.എസ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

അമേരിക്കയിലേക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടപ്പിലാക്കിവരുന്ന നടപടികളുടെ തുടർച്ചയാണ് ഈ പുതിയ നയമാറ്റം. കഴിഞ്ഞ വർഷം വിദ്യാർഥികൾ, സാംസ്കാരിക കൈമാറ്റ പദ്ധതികളുടെ ഭാഗമായി എത്തുന്നവർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വിസ കാലാവധി വെട്ടിച്ചുരുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് പുറമെ, ട്രംപ് അധികാരമേറ്റതിന് ശേഷം ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി കഴിഞ്ഞ ജനുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിനെതിരെ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന 'ഹിയാസ്' ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനവക്കടത്തിന് ഇരയായവർക്കും, സ്വന്തം നാട്ടിൽ പീഡനങ്ങളും അവഗണനകളും നേരിട്ട് ജീവനും കൊണ്ട് അമേരിക്കയിലേക്ക് ഓടിയെത്തിയ കുട്ടികൾക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും. ഗ്രീൻ കാർഡ് നടപടികൾക്കായി തങ്ങൾ ഭയന്നോടിയ അതേ അപകടകരമായ സാഹചര്യങ്ങളിലേക്ക് തിരികെ പോകാൻ ഇവരെ നിർബന്ധിതരാക്കുന്നതാണ് പുതിയ നിയമമെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. പുതിയ വിസ പരിഷ്കാരം അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും താൽക്കാലിക ജീവനക്കാരെയും നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USus visaUS Immigration PolicyUS Green CardDonald Trump
News Summary - Want To Apply For Green Card? Return Home First: New US Immigration Rules
Next Story