യുക്രെയ്ൻ നഗരമായ ബഖ്മൂത്തിൽനിന്ന് പിൻമാറുന്നതായി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ സേന
text_fieldsമോസ്കോ: യുക്രെയ്ൻ നഗരമായ ബഖ്മൂത്തിൽ നിന്ന് തങ്ങളുടെ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ അറിയിച്ചു. ജൂൺ ഒന്നിനകം നഗരത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന് കൈമാറുമെന്ന് യെവ്ജെനി പ്രിഗോഷിൻ പറഞ്ഞു. അതേസമയം, എന്നാൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രെയ്ൻ പറയുന്നത്.
റഷ്യൻ സൈന്യത്തിന് സാഹചര്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ തന്റെ പടയാളികൾ നഗരത്തിലേക്ക് മടങ്ങിയെത്താൻ തയാറാണെന്നും യെവ്ജെനി പ്രിഗോഷിൻ പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിലെ ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷിതമായതുമാണ് ബഖ്മൂത്ത് നഗരത്തിനായുള്ള യുദ്ധം. ബഖ്മൂത്തിൽ തങ്ങളുടെ 20,000ഓളം പടയാളികൾ കൊല്ലപ്പെട്ടതായി യെവ്ജെനി പ്രിഗോഷിൻ ഈ ആഴ്ച പറഞ്ഞിരുന്നു.
‘ബഖ്മൂത്തിൽനിന്ന് ഇന്ന് പിൻവാങ്ങുകയാണ്’ എന്ന് നഗരത്തിന് സമീപത്തുനിന്ന് ടെലഗ്രാമിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പ്രിഗോഷിൻ പറഞ്ഞു. ആയുധങ്ങൾ റഷ്യൻ സേനക്ക് കൈമാറാൻ അദ്ദേഹം തന്റെ സൈനികർക്ക് നിർദേശം നൽകുന്നതും വിഡിയോയിൽ കാണാം. റഷ്യൻ സൈന്യത്തെ സഹായിക്കാൻ വാഗ്നർ പടയാളികളിൽ ചിലർ ബഖ്മൂത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഖ്മൂത്ത് നഗരം പിടിച്ചെടുത്തതായി ശനിയാഴ്ചയാണ് പ്രിഗോഷിൻ പ്രഖ്യാപിച്ചത്.
അതേസമയം, നഗരത്തിലെ ലിതാക് ജില്ലയുടെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് യുക്രെയ്ൻ ഉപപ്രതിരോധ മന്ത്രി ഹന്ന മലിയർ പറഞ്ഞു.