ഇന്ത്യയുടെ പിന്തുണ തേടി സെലന്‍സ്‌കി; മോദിയെ ഫോണില്‍ വിളിച്ചു
text_fieldsന്യൂഡൽഹി: റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലന്‍സ്‌കി. റഷ്യൻ അധിനിവേശത്തിനെതിരെ യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നു സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. ഫോണിലൂടെ മോദിയുമായി സംസാരിച്ച സെലന്‍സ്‌കി രാജ്യത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചു.
ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ രാജ്യത്ത് അതിക്രമിച്ചു കടന്നിരിക്കുകയാണെന്നും സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെയും അവര്‍ വെടിയുതിര്‍ക്കുന്നുവെന്നും സാഹചര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും സെലന്‍സ്‌കി അറിയിച്ചു. യു.എന്‍ രക്ഷാ സമിതിയില്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നു പിന്തുണ ഉണ്ടാകണമെന്നും അധിനിവേശം അവസാനിപ്പിക്കാന്‍ ഒപ്പമുണ്ടാകണമെന്നും സെലന്‍സ്‌കി അഭ്യര്‍ഥിച്ചു.
സെലൻസ്കി തന്നെയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അതേസമയം, ഇന്ത്യയുടെ നിലപാട് റഷ്യ സ്വാഗതം ചെയ്തു. യു.എന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുമായി ആശയവിനിമയം തുടരുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അറിയിച്ചു. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ പിണക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. യു.എന്‍ രക്ഷാ സമിതിയില്‍ റഷ്യന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നു ഇന്ത്യ വിട്ടിനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

