ട്രംപിൻറെ തീരുവക്കെതിരെ തുറന്നടിച്ച് പുടിൻ; ആ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കും
text_fieldsപ്രതീകാത്മക ചിത്രം
ബീജിങ്: ബ്രിക്‌സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ആഗോള വെല്ലുവിളികളെ നേരിടാൻ ബ്രിക്‌സിനെ ശക്തിപ്പെടുത്തുന്നതില്‍ റഷ്യയും ചൈനയും ഐക്യത്തോടെ നിലനിന്നുവെന്നും പുടിൻ പറഞ്ഞു.
ബ്രിക്‌സിലെ അംഗ രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ പരാമര്‍ശം.
ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുടിന്റെ പരാമർശങ്ങൾ. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിൽ എത്തിയതായിരുന്നു പുടിന്‍.
‘ബ്രിക്‌സ് രാജ്യങ്ങളുടെയും ലോകത്തിൻ്റെയും സാമൂഹിക- സാമ്പത്തിക വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ റഷ്യയും ചൈനയും ഒന്നിച്ചുനിന്നു. സുതാര്യതയും തുല്യതയും ഉറപ്പുവരുത്തി പുതിയ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരുടെയും പുരോഗതി ഞങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി ചൈനയും റഷ്യയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കും’ - പുടിൻ പറഞ്ഞു.
ഇന്റര്‍നാഷണന്‍ മോണിറ്ററി ഫണ്ടും ലോകബാങ്കും പരിഷ്‌കരിക്കുന്നതിനെ റഷ്യയും ചൈനയും പിന്തുണക്കുന്നുണ്ട്. സമകാലിക വെല്ലുവിളികളോടും ഭീഷണികളോടും പ്രതികരിക്കും. അന്താരാഷ്ട്ര നിയമത്തില്‍ അധിഷ്ഠിതമായി കൂടുതല്‍ നീതിയുക്തമായ ലോകം രൂപപ്പെടുത്തുന്നതിന് ഷാങ്ഹായ് ഉച്ചകോടി സഹായിക്കുമെന്നും പുടിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

