യുദ്ധഭൂമിയിൽ സൈനികർ വിവാഹിതരായി -തരംഗമായി വിഡിയോ
text_fieldsമാതൃരാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ വിവാഹിതരായി രണ്ട് യുക്രെയ്ന്‍ സൈനികര്‍. 112 ബ്രിഗേഡിലെ ടെറിട്ടോറിയൽ ഡിഫൻസിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്. 22 വർഷമായി ഒരുമിച്ചു ജീവിക്കുകയായിരുന്ന ഇവർ ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ച് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും 18 വയസുള്ള ഒരു മകളുണ്ട്. വിവാഹാനന്തരം ദമ്പതികൾക്ക് ചുറ്റും നിന്ന് യുക്രെയ്ൻ പ്രതിരോധ സൈന്യം ഗാനമാലപിക്കുന്ന വിഡിയോ ദശലക്ഷങ്ങളാണ് ഇതിനകം കണ്ടുക്കഴിഞ്ഞത്.
''തീർച്ചയായും ഞാൻ സന്തോഷവതിയാണ്. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്നതാണ് പ്രധാന കാരണം. ഈ ദിവസം ഞാൻ അതീവ സന്തോഷവതിയാണ്. എന്റെ ഭർത്താവ് ജീവിച്ചിരിക്കുന്നു, അദ്ദേഹം എന്നോടൊപ്പം ഉണ്ട്. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം, അത്ക്കൊണ്ട് ഞങ്ങളുടെ മണ്ണിൽ, ദൈവത്തിന് മുന്നിൽ വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾക്ക് പ്രായപൂർത്തിയായ ഒരു മകളുണ്ട്. ഞങ്ങളുടെ തീരുമാനത്തിൽ അവൾ സന്തോഷവതിയാണെന്ന് ഞാൻ കരുതുന്നു'' -ലെസ്യ പറഞ്ഞു.
വധുവും വരനും വിവാഹത്തിന് സൈനിക യൂണിഫോം ധരിച്ചിരുന്നു. ഒരു സൈനികൻ വധുവിന്റെ വിവാഹ കിരീടമായി ഹെൽമറ്റ് പിടിച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. കിയവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോയും സഹോദരൻ ബോക്‌സർ വ്‌ളാഡിമിറും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

