ഇടവേളയില്ലാതെ വ്യോമാക്രമണം; വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടി ഹമാസ് പോരാളികൾ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടി ഹമാസ് പോരാളികൾ. ഗസ്സ സിറ്റിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കനത്ത ഏറ്റുമുട്ടൽ നടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസിന്റെ ചെറുത്തുനിൽപ്പ് തുടരുകയാണ്. 16 ഇസ്രായേൽ സൈനികർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ഇന്നും വ്യോമാക്രമണം തുടർന്നു. പുലർച്ചെയോടെ ഗസ്സയിലെ കരാമ മേഖലയിൽ ആക്രമണമുണ്ടായി. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ആംബുലൻസ് സർവിസുകൾക്ക് പോലും ആക്രമണമേഖലയിലെത്താൻ സാധിക്കാത്ത സാഹചര്യമാണ്.
ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി. ഗസ്സ സർക്കാറിന്റെ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ട് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. 777 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റതെന്നും അറിയിച്ചു.
അതേസമയം, 3,648 കുട്ടികളും 2,290 സ്ത്രീകളുമടക്കം ഗസ്സയിലെ ആകെ മരണം 8,796 ആയി. 22,219 പേർക്ക് പരിക്കേറ്റു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വെസ്റ്റ്ബാങ്കിൽ 122 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഗസ്സക്കും ഈജിപ്തിനുമിടയിലെ റഫാ അതിർത്തി ഇസ്രായേൽ ഇന്നലെ തുറന്നിരുന്നു. ഗുരുതര പരിക്കേറ്റവർ ചികിത്സ തേടി റഫ അതിർത്തി കടന്നു തുടങ്ങിയതിനിടെ വീണ്ടും ചർച്ചയാവുകയാണ് ഇസ്രായേലിന്റെ ഗസ്സ കുടിയൊഴിപ്പിക്കൽ പദ്ധതി. തുരുത്തിലെ 22 ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ സീനായ് മരുഭൂമിയുടെ വടക്കൻ മേഖലയിലേക്ക് ആട്ടിപ്പായിച്ച് ഗസ്സ പൂർണമായി ജൂത കുടിയേറ്റ മേഖലയാക്കി മാറ്റലാണ് ഇസ്രായേൽ ലക്ഷ്യം.
ഒക്ടോബർ പകുതിയിൽ ഇസ്രായേൽ രഹസ്യാന്വേഷണ മന്ത്രാലയം തയാറാക്കിയ 10 പേജ് വരുന്ന റിപ്പോർട്ടിൽ ഗസ്സയിലെ ഫലസ്തീനികൾക്ക് മുന്നിൽ മൂന്ന് സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഫലസ്തീൻ അതോറിറ്റിക്ക് ഗസ്സയിലെ അധികാരം കൈമാറൽ, ഹമാസിനു പകരം ദുർബലരായ മറ്റൊരു കക്ഷിയെ വളർത്തിക്കൊണ്ടുവരൽ എന്നിവയാണ് ആദ്യ രണ്ടെണ്ണമെങ്കിലും പരമമായി ഗസ്സ പൂർണമായി ഒഴിപ്പിച്ചെടുക്കൽ മാത്രമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വംശീയ ഉന്മൂലനം നടപ്പാക്കി ബോംബ്വർഷിക്കൽ തുടരുന്നത്. ജനം കൂട്ടമായി വസിക്കുന്ന ക്യാമ്പുകൾ, ആശുപത്രികൾ എന്നിവ കൂടി ഇല്ലാതാക്കുന്നതാണ് ഒടുവിലെ ആക്രമണങ്ങൾ. മുമ്പ് 1967ലെ യുദ്ധത്തിനൊടുവിൽ ആയിരക്കണക്കിന് അഭയാർഥികൾ ഈജിപ്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

