ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് അക്രമം: മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏഴുപേർക്ക് ഇരട്ട ജീവപര്യന്തം
text_fieldsഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ ആക്രമണങ്ങളിലും കലാപങ്ങളിലും പങ്കെടുത്തെന്ന കേസിൽ മാധ്യമപ്രവർത്തകർ, മുൻ സൈനിക ഉദ്യോഗസ്ഥർ, യൂട്യൂബർമാർ എന്നിവരുൾപ്പെടെ ഏഴുപേർക്ക് പാകിസ്താൻ ഭീകരവിരുദ്ധ കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. 2023 മേയ് ഒമ്പതിന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർട്ടി അനുയായികൾ നടത്തിയ സമരങ്ങളിൽ സൈനിക സ്ഥാപനങ്ങളും പൊതുമുതലുകളും നശിപ്പിക്കപ്പെട്ടിരുന്നു.
സംഭവത്തിൽ യൂട്യൂബർ ആദിൽ രാജ, മാധ്യമപ്രവർത്തകരായ വജാഹത്ത് സഈദ് ഖാൻ, സാബിർ ഷാക്കിർ, ഷഹീൻ സെഹ്ബായ്, ഹൈദർ റാസ മെഹ്ദി, മൊയീദ് പിർസാദ, മുൻ സൈനിക ഉദ്യോഗസ്ഥൻ അക്ബർ ഹുസൈൻ എന്നിവർക്കെതിരെയാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ആക്രമണത്തിന് ആഹ്വാനം നൽകി എന്നാരോപിച്ച് ‘സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ഡിജിറ്റൽ ഭീകരത’ കുറ്റം ചുമത്തിയായിരുന്നു പ്രോസിക്യൂഷൻ കുറ്റപത്രം.
അതേസമയം, ഇമ്രാൻ ഖാൻ സർക്കാർ അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന് പാകിസ്താൻ വിട്ടുപോയവരാണ് പ്രതികൾ. ഇവരുടെ അസാന്നിധ്യത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. രാജ്യത്തിനെതിരായ യുദ്ധം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. അതോടൊപ്പം അഞ്ചു ലക്ഷം പാകിസ്താൻ രൂപ പിഴയും വിധിച്ചു. മറ്റു കുറ്റങ്ങളിൽ 35 വർഷം തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

