‘ഞങ്ങളും ഹിന്ദുക്കളാണ്, പക്ഷെ ഇത് അനീതി’; കാവഡ് യാത്രക്കിടെ വ്യാപക അതിക്രമം
text_fieldsലഖ്‌നോ/ന്യൂഡൽഹി: ഈ വർഷത്തെ കാവഡ് യാത്രക്കിടെ (കൻവാർ യാത്ര) ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപക അക്രമസംഭവങ്ങളും നാശനഷ്ടങ്ങളും വരുത്തുന്നതായി റിപ്പോർട്ട്. തീർഥാടകർ സഞ്ചരിക്കുന്ന പാതകളിൽ വാഹനം തട്ടിയെന്നും കാവടികളെ അപമാനിച്ചെന്നും ആരോപിച്ച് നിരവധിയിടങ്ങളിൽ കാവഡിയ സംഘങ്ങൾ അക്രമം അഴിച്ചുവിട്ടു.
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നോവിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ വാനിന് നേരെ കാവഡിയ സംഘത്തിന്റെ ആക്രമണമുണ്ടായി. ലഖ്‌നോവിലെ ചൗക്ക് മേഖലയിലാണ് സംഭവം. വാഹനം തടഞ്ഞുനിർത്തിയ അക്രമിസംഘം വാനിന് നേരെ കല്ലെറിയുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തതായി രക്ഷാകർത്താക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ നടപടിയെടുത്തിട്ടുണ്ടെന്നും ലഖ്‌നോ പൊലീസ് വ്യക്തമാക്കി. ‘ഞങ്ങളും ഹിന്ദുക്കളാണ്, അതിനർത്ഥം മറ്റുള്ളവരെ പീഡിപ്പിക്കുമെന്നല്ല’ എന്ന് മാതാപിതാക്കളും പ്രദേശവാസികളും പ്രക്ഷോഭമുയർത്തി പ്രതിഷേധിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ കാണാം.
മുസഫർനഗറിലെ പിക്ക്അപ്പ് വാഹനം തകർത്തു. ജൂലൈ 15ന് ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ പുർകാസി ഖാദർ ചൗക്കിന് സമീപം വാഹനം കാവഡയിൽ തട്ടിയെന്ന് ആരോപിച്ച് കാവടിയാക്കൾ പിക്ക്അപ്പ് വാഹനം തകർത്തു. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുസഫർനഗർ എസ്.പി (സിറ്റി) അമൃത് ജെയിൻ അറിയിച്ചു.
ജൂലൈ 11ന് മുസഫർനഗറിലെ ശിവ് ചൗക്കിൽ വാർത്ത ഷൂട്ട് ചെയ്യുകയായിരുന്ന വരുൺ ശർമ, പങ്കജ് ബാലിയാൻ എന്നീ രണ്ട് മാധ്യമപ്രവർത്തകരെ കാവഡിയാക്കൾ ക്രൂരമായി മർദിച്ചു. മഴയും വൈദ്യുത ലൈനുകളും കണക്കിലെടുത്ത് ഡബിൾ ഡെക്കർ വാഹനത്തിന് മുകളിൽ കയറുന്നതിൽനിന്ന് പൊലീസ് തടഞ്ഞതാണ് കാവഡിയാക്കളെ ചൊടിപ്പിച്ചത്. ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ വരുൺ ശർമയുടെ വിരലിന് ഒടിവുപറ്റി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കാർ കാവഡിയെ അപമാനിച്ചെന്നാരോപിച്ച് കാവഡിയാ സംഘം കാർ അടിച്ചുതകർക്കുകയും യാത്രക്കാരെ മൃഗീയമായി മർദിക്കുകയും ചെയ്തു. പൊലീസ് കാഴ്ചക്കാരായി നിൽക്കവെയാണ് അക്രമം നടന്നതെന്ന് ആരോപണമുണ്ട്.
തീർഥാടനത്തിന്റെ ഭാഗമായി വൻ സുരക്ഷാ സജ്ജീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് യു.പിയിലും ഉത്തരാഖണ്ഡിലും ഏർപ്പെടുത്തിയിരിക്കുന്നത്. മൊറാദാബാദിൽ പൊലീസ് പട്രോളിങ് വാഹനങ്ങൾ പോലും കാവഡ് തീമിൽ അലങ്കരിച്ച് ‘മേക്കോവർ’ നൽകിയത് ശ്രദ്ധേയമായി. മുസഫർനഗറിലടക്കം വിവിധയിടങ്ങളിൽ പൊലീസ് നിരീക്ഷണവും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങൾ തുടരുകയാണ്.
തീർഥാടകരുടെ തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിലെ മീററ്റ്, മുസഫർനഗർ, സഹാറൻപൂർ, ഷാമിലി, ബാഗ്പത്, ഗാസിയാബാദ്, ഹാപ്പൂർ എന്നീ ജില്ലകളിൽ സ്കൂളുകൾ അടച്ചിട്ടു. വാരണാസിയിലും അയോധ്യയിലും ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ തിരക്ക് പ്രമാണിച്ച് അവധിയോ ഓൺലൈൻ ക്ലാസുകളോ ഏർപ്പെടുത്തി.
മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ലോക് പ്രവിശ്യയിലും പരിസരങ്ങളിലും ആഗസ്റ്റ് മൂന്നിന് സ്കൂളുകൾക്ക് അവധി നൽകി. മന്ദ്സൗർ, രേവ, ജബൽപൂർ എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്കൂളുകളും അടച്ചു.
ഉത്തരാഖണ്ഡ് ഹരിദ്വാറിലും ഋഷികേശിലും ഗംഗാജലം ശേഖരിക്കാനെത്തുന്ന കാവഡിയാക്കളുടെ വൻ തിരക്ക് പരിഗണിച്ച് ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹരിദ്വാർ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

