'ലോകം ഈ നിലവിളികൾ കേൾക്കണം'; കുട്ടികൾക്കെതിരായ ക്രൂരതയിൽ കഴിഞ്ഞ വർഷം മുമ്പെങ്ങുമില്ലാത്ത വർധനവ്, പ്രധാന കാരണം ഇസ്രായേലിന്‍റെ ഗസ്സയിലെ വംശഹത്യ
text_fieldsലോകമെങ്ങുമുള്ള സംഘർഷ മേഖലകളിൽ കുട്ടികൾക്കെതിരെയുള്ള ക്രൂരതയിൽ 2024ൽ വൻ വർധനവ്. കുട്ടികൾക്കെതിരെയുള്ള ക്രൂരത സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയാണ് ക്രൂരതയുടെ നിരക്കിൽ വൻ വർധനവുണ്ടാക്കിയത്.
മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ സായുധ സംഘർഷങ്ങളിൽ കുട്ടികൾക്കെതിരായ ക്രൂരതയുടെ നിരക്കിൽ 25 ശതമാനം വർധനവാണുണ്ടായത്. കുട്ടികൾക്കെതിരെ ഗുരുതരമായ ക്രൂരതകൾ നടന്ന 41,370 സംഭവങ്ങളാണുണ്ടായത്. ക്രൂരതയുടെ നിരക്ക് കണക്കാക്കാൻ തുടങ്ങിയ 30 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. 2023ൽ 21 ശതമാനമായിരുന്നു വർധനവ്.
സംഘർഷ മേഖലകളിൽ കഴിഞ്ഞ വർഷം 4500 കുട്ടികൾ കൊല്ലപ്പെട്ടെന്നും 7000ലേറെ കുട്ടികൾക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 'വായിക്കുകയും പഠിക്കുകയും കളിക്കുകയും ചെയ്യേണ്ട കുഞ്ഞുങ്ങൾ എങ്ങനെ വെടിയുണ്ടകൾക്കിടയിലും ബോംബുകൾക്കിടയിലും അതിജീവിക്കാമെന്ന പാഠമാണ് പഠിക്കേണ്ടിവരുന്നത്. ഇത് നമ്മളെയെല്ലാം ഉണർത്തേണ്ട ഒരു കാര്യമാണ്. കുട്ടികൾക്കെതിരായ ക്രൂരതയിൽ നമ്മൾ തിരിച്ചുപോക്കില്ലാത്ത ഒരു നിലയിലാണ് നിൽക്കുന്നത്' -റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ 20 സംഘർഷ മേഖലകളിലെ കുട്ടികൾ നേരിടുന്ന ക്രൂരതകളാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പരാമർശിച്ചത്. ഇസ്രായേൽ വംശഹത്യ തുടരുന്ന ഫലസ്തീനിലെ ഗസ്സയിലാണ് ഏറ്റവും കൂടുതൽ ക്രൂരതകൾ കുഞ്ഞുങ്ങൾ നേരിടുന്നത്. 8500 അതീവഗൗരവതരമായ ക്രൂരതകൾ ഫലസ്തീനിലെ കുഞ്ഞുങ്ങൾ കഴിഞ്ഞ വർഷം നേരിട്ടു. ലെബനനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളും ഹെയ്തിയിലെ സായുധസംഘങ്ങളുടെ ക്രൂരതകളും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ സായുധസേനയോടൊപ്പം ഹമാസിനെയും കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോംഗോ, സോമാലിയ, നൈജീരിയ തുടങ്ങിയവയാണ് കുഞ്ഞുങ്ങൾക്ക് നേരെ വലിയ ക്രൂരതകൾ നടക്കുന്ന മറ്റ് സംഘർഷ മേഖലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

