വിഖ്യാത വിയറ്റ്നാം ഫോട്ടോഗ്രാഫർ ടിം പേജ് അന്തരിച്ചു
text_fieldsനോംപെൻ: വിയറ്റ്നാം യുദ്ധത്തിന്റെ മുറിവുകൾ ലോകത്തെ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫർ ടിം പേജ് അന്തരിച്ചു. 78 വയസായിരുന്നു. ആസ്ട്രേലിയയിലെ ന്യൂ സൗത് വെയിൽസിൽ ആയിരുന്നു മരണം. സഹ ഫോട്ടോഗ്രാഫറായ ബെൻ ബോഹൻ ആണ് മരണവിവരം സ്ഥിരീകരിച്ചത്. അർബുദബാധിതനായിരുന്നു പേജ്. യുദ്ധത്തിന്റെ ചിത്രങ്ങൾ പകർത്തവെ നിരവധി തവണ പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹത്തിന്. ഒരിക്കൽ മുറിവേറ്റവരെ കയറ്റാൻ ഹെലികോപ്റ്ററിൽ നിന്ന് ചാടിയപ്പോൾ മുന്നിലുണ്ടായിരുന്നയാൾ കുഴിബോംബിൽ ചവിട്ടി. ബോംബ് പൊട്ടി പേജിന് പരിക്കേറ്റു. ആശുപത്രിയിലെത്തുമ്പോൾ മരണാസന്നനായിരുന്നു. മേജർ ന്യൂറോ ശസ്ത്രക്രിയതന്നെ വേണ്ടി വന്നു രക്ഷപ്പെടുത്താൻ.

ലോകമെമ്പാടുമുള്ള പത്രങ്ങളിലും മാഗസിനുകളിലും പേജിന്റെ കാമറയിൽ പതിഞ്ഞ യുദ്ധക്കെടുതികളുടെ ചിത്രങ്ങൾ നിറഞ്ഞു. വിയറ്റ്നാം യുദ്ധ സിനിമയായ "അപ്പോക്കലിപ്സ് നൗ" എന്ന ചിത്രത്തിലെ ഡെന്നിസ് ഹോപ്പർ അവതരിപ്പിച്ച ഫോട്ടോ ജേണലിസ്റ്റിന്റെ പ്രചോദനവും പേജായിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് മൈക്കൽ ഹെർ, 1977-ൽ യുദ്ധത്തെക്കുറിച്ചുള്ള തന്റെ നിരൂപക പ്രശംസ നേടിയ "ഡിസ്പാച്ചസ്" എന്ന പുസ്തകത്തിൽ പേജിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

നിർഭയനും സ്വതന്ത്ര മനസിന്റെ ഉടമയുമായ പേജ് ഫോട്ടോഗ്രാഫിയുടെ അതിരുകൾ ഭേദിച്ചു. യുദ്ധത്തിന്റെ ഗതിമാറ്റാൻ സഹായിച്ച പോരാട്ടത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ കാമറ ഒപ്പിയെടുത്തത്. യുദ്ധത്തിൽ നിന്ന് ഗ്ലാമർ വശങ്ങൾ ഒപ്പിയെടുക്കാൻ പറ്റില്ലേ എന്ന ഒരു പബ്ലിഷറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച ചരിത്രവും പേജിനുണ്ട്. വലിയ മനുഷ്യ സ്നേഹിയായിരുന്നു ഇദ്ദേഹമെന്നും നിരൂപകർ വാഴ്ത്തിയിട്ടുണ്ട്.ഇംഗ്ലണ്ടിലെ ടേൺബ്രിഡ്ജ് വെൽസിൽ 1944 മേയ് 25നാണ് ജനനം. എ.എഫ്.പിയുടെയും യു.പി.ഐയുടെയും ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

