മടങ്ങിവരില്ല; ‘വീനർ സെയ്തങ്’അച്ചടി നിർത്തി
text_fieldsവിയന്ന: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ‘വീനർ സെയ്തങ്’ മൂന്ന് നൂറ്റാണ്ടുകൾക്കുശേഷം അച്ചടി അവസാനിപ്പിച്ചു. വെള്ളിയാഴ്ചയാണ് അവസാന പത്രം പ്രസിദ്ധീകരിച്ചത്. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ആസ്ഥാനമായി 1703 ആഗസ്റ്റ് എട്ടിനാണ് ‘വിന്നറിഷസ് ഡയറിയം’ എന്ന പേരിൽ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
‘320 വർഷം, 12 പ്രസിഡന്റുമാർ, 10 ചക്രവർത്തിമാർ, രണ്ട് റിപ്പബ്ലിക്കുകൾ, ഒരു പത്രം,’ അവസാന എഡിഷന്റെ മുഖപ്പേജിൽ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പത്രം വിടവാങ്ങിയത്. ഓസ്ട്രിയൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും സ്വതന്ത്ര സ്വഭാവത്തിലാണ് എഡിറ്റോറിയൽ വിഭാഗം പ്രവർത്തിച്ചിരുന്നത്. സമീപകാലത്ത് വരുമാനത്തിൽ വൻ ഇടിവുണ്ടായതാണ് പത്രത്തിന്റെ നിലനിൽപിന് ഭീഷണിയായത്. വാണിജ്യ രജിസ്ട്രേഷനിലെ മാറ്റങ്ങൾ കമ്പനികൾ പത്രത്തിൽ പരസ്യം ചെയ്ത് അറിയിക്കണമെന്ന വ്യവസ്ഥ അടുത്തിടെ സർക്കാർ പിൻവലിച്ചത് പത്രത്തെ പ്രതികൂലമായി ബാധിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്ഥാപനത്തിൽനിന്ന് 63 പേരെ പിരിച്ചുവിട്ടു. എഡിറ്റോറിയൽ വിഭാഗം ജീവനക്കാരുടെ എണ്ണം മൂന്നിൽ രണ്ടായി കുറച്ച് 20 ആക്കി. അതേസമയം, പത്രം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രതിമാസ പ്രിന്റ് പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
അവസാന പതിപ്പിൽ, നടനിൽനിന്ന് രാഷ്ട്രീയക്കാരനായി മാറിയ അർണോൾഡ് ഷ്വാസ്നെഗറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച് പത്രം ശ്രദ്ധനേടി. ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന നിലയിൽ ലോകമെങ്ങും ആരാധകരെ നേടിയ ഇദ്ദേഹം ഓസ്ട്രിയൻ വംശജനാണ്. ഷ്വാസ്നെഗറിന്റെ പ്രശസ്തമായ ‘ടെർമിനേറ്റർ’ കഥാപാത്രത്തെപ്പോലെ ‘ഞാൻ മടങ്ങിവരും’ എന്ന വാചകം പറയാൻ കഴിയില്ലെന്ന സങ്കടത്തോടെയാണ് പത്രം അച്ചടി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

