വെനസ്വേലയുടെ മദുറോയെ പിടികൂടി; അടുത്തത് ക്യൂബ, മെക്സിക്കോ, കൊളംബിയ -ഭീഷണിയുമായി ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
ന്യൂയോർക്ക് : അന്താരാഷ്ട്ര നിയമങ്ങൾ അട്ടിമറിച്ച് വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുനേരെ ഭീഷണി ഉയർത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കു നേരെയാണ് ട്രംപിന്റെ ഭീഷണി. അടുത്ത ആക്രമണങ്ങൾ ഇവിടങ്ങളിലായിരിക്കുമെന്ന തരത്തിലാണ് ട്രംപിന്റെ ഭീഷണി. ഈ രാജ്യങ്ങൾ ലഹരിമരുന്ന് നിർമാണത്തിനും കടത്തിനും സഹായിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘അവർ കൊക്കെയ്ൻ ഉണ്ടാക്കി അമേരിക്കയിലേക്ക് അയയ്ക്കുന്നു. അതിനാൽ അവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലഹരി മരുന്നിനെതിരെയുള്ള പോരാട്ടമെന്ന പേരിൽ കരീബിയൻ മേഖലയിൽ വെനസ്വേലൻ കപ്പലുകളെ ആക്രമിക്കുന്ന അമേരിക്കൻ നടപടിക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച ഭരണാധികാരിയാണ് പെട്രോ. ഓപറേഷൻ അബ്സൊല്യൂട്ട് റിസോൾവ് എന്ന പേരിൽ നിയമങ്ങൾ ലംഘിച്ച് കടന്നാക്രമണം നടത്തിയാണ് നികളസ് മദുറോയേയും ഭാര്യയെയും യു.എസ് തടവിലാക്കിയത്.
യുദ്ധക്കപ്പലിൽ കൈകൾ കെട്ടി കണ്ണുകൾ മൂടിയ നിലയിലുള്ള മദുറോയുടെ ചിത്രം ട്രംപ് പങ്കുവച്ചിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി ന്യൂയോർക്കിലെ ഡിറ്റൻഷൻ സെന്‍ററിലെത്തിച്ചു. ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണുയരുന്നത്. ആയുധ- ലഹരിക്കടത്ത് കുറ്റങ്ങളാണ് വെനസ്വേലൻ പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. ഭരണം അട്ടിമറിക്കാൻ നടത്തിയ സമ്മർദതന്ത്രങ്ങൾ പരാജയപ്പെട്ടതോടെയാണ് അന്താരാഷ്‌ട്ര നിയമങ്ങളും ജനാധിപത്യമൂല്യങ്ങളും കാറ്റിൽപ്പറത്തിയുള്ള യു.എസ് സേനയുടെ നടപടി.
മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിലാണ് വെനിസ്വേലയിൽ യു.എസ് സേന കടന്നുകയറിയത്. തലസ്ഥാനമായ കറാക്കസിൽ ആക്രമണം നടത്തിയ യു.എസ്, വെനിസ്വേല പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയി. ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച വെനിസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ യു.എസ് സേന, പിന്നീട് പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തി.
വെനസ്വേലയിൽ ശരിയായ അധികാരകൈമാറ്റം യാഥാർഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികളസ് മദുറോയുടെ ഏറ്റവും പുതിയ ചിത്രവും ട്രംപ് പുറത്ത് വിട്ടിരുന്നു. മദുറോ രണ്ട് കേസുകളിൽ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ വെനസ്വേലയെ ഇനിയും ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

