235 മൃതദേഹങ്ങൾ പുറത്തെടുത്തു, ഇന്റർനെറ്റില്ല, രക്ഷാ പ്രവർത്തനം വൈകുന്നു; വെനിസ്വേലയിൽ ഹൃദയഭേദക കാഴ്ചകൾ
text_fieldsകാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. 4,300-ൽ അധികം പേർക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ഭൂകമ്പ ബാധിത മേഖലയിൽ ഇതുവരെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തലസ്ഥാനമായ കാരക്കാസിന്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാഗൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് തലസ്ഥാനമായ കാരക്കാസിലെ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 125 വർഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ഊർജിതമാക്കിയിരിക്കുകയാണ്. ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണയും ലഭിക്കുന്നുണ്ട്. യു.എസ്, കാനഡ, മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. വെനിസ്വേലയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി, ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും യു.എസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സതേർൻ കമാൻഡ് വെനിസ്വേലയിലെത്തി. സി-17 ഗ്ലോബ്മാസ്റ്റർ, സി-130 ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനങ്ങൾ, രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമുകൾ, റോട്ടറി-വിങ് വിമാനങ്ങൾ എന്നിവയും യു.എസ് രക്ഷാപ്രവർത്തനത്തിനായി എത്തിക്കും.യു.എസ് എലൈറ്റ് റെസ്‌ക്യൂ ടീമുകൾ, മെഡിക്കൽ വിഭവങ്ങൾ, മാനുഷിക സഹായം എന്നിവയും വെനിസ്വേലയിലേക്ക് വിന്യസിക്കുന്നുണ്ട്. യു.എസ് 150 മില്യൺ ഡോളർ സഹായം നൽകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2-ഉം 7.5-ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. 200-ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് കണക്കുകൾ. കൂറ്റൻ ഹോട്ടലുകളടക്കം തകർന്നടിഞ്ഞു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിതശ്രമം നടക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യു.എസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലാണ്. നിലവിൽ അമേരിക്കൻ പിന്തുണയുള്ള ഭരണകൂടമാണ് വെനസ്വേലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

