അമ്പരപ്പ് വിട്ടുമാറാതെ വെനിസ്വേല
text_fieldsകറാക്കസ്: അപ്രതീക്ഷിതമായി പ്രസിഡന്റ് നികളസ് മദൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ സൈനിക നടപടിയിൽ വെനിസ്വേലക്കാരുടെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. ആശങ്കയും ഭീതിയും ആഹ്ലാദവും നിറഞ്ഞ മുഖങ്ങളാണ് രാജ്യത്ത് കാണുന്നത്. ഇനിയെന്ത് എന്നതാണ് എല്ലാവരും ചോദിക്കുന്നത്.ദൈനംദിന ജീവിതം ഇനിയും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. നിരവധി കടകളും റസ്റ്റാറന്റുകളും പള്ളികളും അടഞ്ഞുകിടന്നു.
തെരുവുകളിൽ കണ്ടവരുടെ മുഖങ്ങളിലെല്ലാം അമ്പരപ്പ് പ്രകടമായിരുന്നു. അമേരിക്കൻ സൈനിക നടപടിയിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വെനിസ്വേലൻ അധികൃതർ പറയുന്നുണ്ട്. എന്നാൽ, കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വെനിസ്വേലക്ക് പുതിയ കാര്യമല്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെയുണ്ടായ സൈനിക നടപടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
സുരക്ഷിതമായ അധികാര കൈമാറ്റമുണ്ടാകുന്നതുവരെ വെനലിസ്വേലയെ അമേരിക്ക ഭരിക്കുമെന്നാണ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാൽ, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈ നിലപാടിൽ മയം വരുത്തി. നയപരമായ മാറ്റത്തിനുവേണ്ടി വെനിസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. മദൂറോയുടെ പതനത്തിൽ സന്തോഷിക്കുന്നവരും വേദനിക്കുന്നവരും രാജ്യത്തുണ്ട്. 2024ലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അടിച്ചമർത്തലും മർദനവും പലരുടെയും ഓർമകളിലേക്കെത്തി. 28 പേരാണ് അന്നത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2000ത്തോളം പേരെ തടവിലാക്കുകയും ചെയ്തു. അന്ന് ക്രൂരമായ അടിച്ചമർത്തൽ നേരിട്ടവർ ഇപ്പോൾ സന്തോഷത്തിലാണ്.
വെനിസ്വേലയിലെ സൈനിക നടപടിയിൽ 32 ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഹവാന: വെനിസ്വേലയിൽ നടന്ന അമേരിക്കൻ സൈനിക നടപടിയിൽ 32 ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ക്യൂബൻ സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വെനിസ്വേലൻ സർക്കാറിനുവേണ്ടി പ്രവർത്തിച്ച സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ, വെനിസ്വേലയിൽ ഇവരുടെ ദൗത്യം എന്തായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല.
വർഷങ്ങളായി വെനിസ്വേലയുടെ അടുത്ത സഖ്യകക്ഷിയാണ് ക്യൂബ. വിവിധ ഓപറേഷനുകൾക്കായി സൈനികരെയും പൊലീസിനെയും അയക്കുകയും ചെയ്തിട്ടുണ്ട്. സൈനിക നടപടിയിൽ നിരവധി ക്യൂബക്കാർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് ക്യൂബ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

