വെനിസ്വേല ഭൂചലനത്തിൽ അനുശോചനമറിയിച്ച് നരേന്ദ്ര മോദി; ‘ഇന്ത്യ എല്ലാ സഹായത്തിനും സജ്ജം’
text_fieldsകറാക്കസ്: വെനിസ്വേലയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനത്തിൽ 32 പേർ മരണപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി വെനിസ്വേലക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു.
തന്റെ എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി വെനിസ്വേലയിലെ സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇന്ത്യ വെനിസ്വേലക്കൊപ്പം നിലകൊള്ളുമെന്നും മോദി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ സജ്ജമാണെന്നും മോദി കൂട്ടിച്ചേർത്തു.
വെനിസ്വേലയിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് നിരവധി രാജ്യങ്ങൾ ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു. ദുരന്തത്തിൽപെട്ടവർക്ക് അനുശോചനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും രംഗത്തുവന്നിട്ടുണ്ട്.
ഇരട്ട ഭൂചലനത്തെ തുടർന്ന് വെനിസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ കാറക്കാസിന് സമീപമുള്ള ലാ ഗുവായറ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നു വീഴുകയും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയും ചെയ്യുന്നുണ്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്.
സുരക്ഷ ഉറപ്പാക്കുന്നതിനായി സൈമൺ ബൊളീവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുകയും സബ്‌വേ, ഗ്യാസ് വിതരണ സംവിധാനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വെനിസ്വേലയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

