മാർപാപ്പ തെരഞ്ഞെടുപ്പിന് ഒരുക്കം തകൃതി; പുകക്കുഴൽ സ്ഥാപിച്ചു, കോൺക്ലേവ് ഏഴുമുതൽ
text_fieldsസിസ്റ്റൈൻ ചാപ്പലിൽ പുകക്കുഴൽ സ്ഥാപിക്കുന്നു
വത്തിക്കാൻ സിറ്റി: പോപ് ഫ്രാൻസിസ് അന്തരിച്ചതിനെ തുടർന്ന് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവിന് ഒരുക്കം തകൃതി. മേയ് ഏഴുമുതൽ കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിൽ വെള്ളിയാഴ്ച പുകക്കുഴൽ സ്ഥാപിച്ചു. ഓരോ ദിവസവും രാവിലെയും വൈകീട്ടുമായി രണ്ടുവീതം വോട്ടെടുപ്പാണ് നടക്കുക. ഒരു കർദിനാളിന് മൂന്നിൽ രണ്ട് വോട്ട് ലഭിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. ഓരോ ദിവസത്തെയും രണ്ട് റൗണ്ട് വോട്ടെടുപ്പിനുശേഷം ബാലറ്റുകൾ കൂട്ടിയിട്ട് കത്തിക്കും. ചാപ്പലിന്റെ പുകക്കുഴലിലൂടെ കറുത്ത പുകയാണ് വരുന്നതെങ്കിൽ തീരുമാനമായിട്ടില്ലെന്നാണ് അർഥം. വെളുത്ത പുകയാണ് വരുന്നതെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നാണ് സൂചിപ്പിക്കുന്നത്. ബാലറ്റിൽ പ്രത്യേകതരം രാസവസ്തു ചേർത്താണ് വെളുത്ത പുക സൃഷ്ടിക്കുന്നത്.
പുകയുടെ നിറം സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ, മാർപാപ്പയെ തെരഞ്ഞെടുത്താൽ ചാപ്പലിലെ മണി മുഴങ്ങുകയും ചെയ്യും. തുടർന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള ബാൽക്കണിയിൽനിന്ന് പുതിയ മാർപാപ്പയെ പരിചയപ്പെടുത്തും. ‘ഹബേമുസ് പാപാം’ (നമുക്കൊരു മാർപാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെയാണ് പുതിയ മാർപാപ്പയെ പരിചയപ്പെടുത്തുന്നത്. തുടർന്ന് പുതിയ മാർപാപ്പ തന്റെ ആദ്യത്തെ അനുഗ്രഹ പ്രഭാഷണം നടത്തും.
80 വയസ്സിൽ താഴെയുള്ള കർദിനാൾമാർക്കാണ് വോട്ടവകാശം. അതിനാൽ, നിലവിലെ 252 കർദിനാൾമാരിൽ 138 പേർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റിൽ പങ്കെടുക്കാൻ അർഹതയുള്ളത്. കോൺക്ലേവിന് മുന്നോടിയായുള്ള ചർച്ചക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർദിനാൾമാർ വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഏതുതരം മാർപാപ്പയാണ് സഭക്ക് വേണ്ടതെന്ന വിഷയത്തിലുള്ള ഈ ചർച്ചയിൽ 80 വയസ്സിന് മുകളിലുള്ള കർദിനാൾമാർക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

