ഇറാനുമായി ചർച്ച പുനരാരംഭിക്കാൻ വാൻസിന്റെ നീക്കം; ഏഴുദിവസത്തെ സമാധാനപദ്ധതിയുമായി തെഹ്‌റാൻ
text_fieldsവാഷിങ്ടൺ: ഇറാനുമേൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്താൻ അമേരിക്ക പദ്ധതിയിടുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെ, മേഖലയിൽ നയതന്ത്ര നീക്കങ്ങളുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രത്യാക്രമണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായിയുമായി വാൻസ് രഹസ്യ ചർച്ചകൾക്ക് ബന്ധപ്പെട്ടതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കത്തയച്ചതെന്നാണ് റിപ്പോർട്ടിലെ വിവരം. ബുധനാഴ്ച വൈകുന്നേരം റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, വാൻസാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചതെന്നും തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ മുന്നോട്ടുപോകാൻ അനുമതി നൽകിയെന്നും ട്രംപ് പറഞ്ഞിരുന്നു.
സമാധാന നിർദേശങ്ങളുടെ വിശദാംശങ്ങളേക്കാൾ ഉപരി, ഇരുരാജ്യങ്ങളും തമ്മിൽ ഭാവിയിൽ നടക്കേണ്ട നയതന്ത്ര ചർച്ചകൾക്ക് കൃത്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുക എന്നതാണ് വാൻസിന്റെ കത്തിന്റെ പ്രധാന ഉള്ളടക്കം. വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ ഈ നീക്കം.
ഇതിനിടെ, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഏഴുദിവസത്തെ പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച് മധ്യസ്ഥരുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
സെപ്റ്റംബറിലാണ് ഇറാൻ ഈ പദ്ധതി മുന്നോട്ടുവെച്ചത്. ഖത്തർ വഴിയാണ് അമേരിക്കക്ക് നിർദേശം കൈമാറിയത്. മിഡിൽ ഈസ്റ്റിലുടനീളം വെടിനിർത്തൽ ഉൾപ്പെടെയുള്ള ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ ഏഴുദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. വിദേശരാജ്യങ്ങളിലുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണമേഖലയിലെ ഉപരോധങ്ങൾ നീക്കുക, അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് തെഹ്‌റാന്റെ വ്യവസ്ഥകൾ.
ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം അമേരിക്ക ഇറാനെതിരെ ഹ്രസ്വവും ശക്തവുമായ സൈനിക നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിന് ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം പുതിയ ആക്രമണമുണ്ടായാൽ കൂടുതൽ വ്യാപകമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാറ്റാ സെന്ററുകളും കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെയുള്ള അമേരിക്കൻ താൽപര്യങ്ങളുമായി ബന്ധമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാന് കഴിയുമെന്ന് റെസായി നേരത്തെ പറഞ്ഞിരുന്നു.

