Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right240 ദിവസത്തെ...

240 ദിവസത്തെ പശ്ചിമേഷ്യൻ ദൗത്യം പൂർത്തിയാക്കി എബ്രഹാം ലിങ്കൺ മടങ്ങുന്നു; പകരക്കാരനായി യു.എസ്.എസ് ജോർജ് വാഷിങ്ടൺ ചുമതലയേറ്റു

text_fields
bookmark_border
240 ദിവസത്തെ പശ്ചിമേഷ്യൻ ദൗത്യം പൂർത്തിയാക്കി എബ്രഹാം ലിങ്കൺ മടങ്ങുന്നു; പകരക്കാരനായി യു.എസ്.എസ് ജോർജ് വാഷിങ്ടൺ ചുമതലയേറ്റു
cancel

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് മാസത്തിലധികമായി പശ്ചിമേഷ്യയിൽ വിന്യസിച്ച യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ മടക്കയാത്ര ആരംഭിച്ചു. കപ്പലിലെ നാവികരുടെ മാനസികാരോഗ്യം, കടുത്ത ക്ഷീണം, ഭക്ഷണക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട് ആശങ്കകൾ വർധിച്ചുവരുന്നതിനിടയിലാണ് ഈ തീരുമാനം. കപ്പലിന്റെ മടക്കയാത്രയെ പറ്റി യു.എസ് ഉദ്യോഗസ്ഥനാണ് സ്ഥിരീകരിച്ചത്.

സാൻ ഡെഗോ ആസ്ഥാനമായുള്ള ഈ കപ്പലിന് പകരമായി ജപ്പാൻ ആസ്ഥാനമായുള്ള യു.എസ്.എസ് ജോർജ് വാഷിങ്ടൺ മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. അറേബ്യൻ കടലിൽ ഇറാനിയൻ കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്ന നാവിക ഉപരോധം നടപ്പാക്കുന്നതുൾപ്പെടെ വിവിധ ദൗത്യങ്ങൾക്കായാണ് യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾ പശ്ചിമേഷ്യയിൽ തുടരുന്നത്.

കഴിഞ്ഞ വർഷം നവംബർ 21-നാണ് യു.എസ്.എസ് അബ്രഹാം ലിങ്കൺ സാൻ ഡെഗോയിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ഫെബ്രുവരിയിൽ ഇറാനുമായുള്ള ശത്രുത പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കപ്പൽ പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. യു.എസ് സൈനിക നടപടികളെ പിന്തുണക്കുന്നതിനായി നിരവധി വ്യോമാക്രമണങ്ങൾക്കാണ് ഈ വിമാനവാഹിനിക്കപ്പൽ വേദിയായത്.

ദീർഘകാലമായി യുദ്ധ രംഗത്ത് തുടരുന്നതിനാൽ കടുത്ത മാനസികസമ്മർദം അനുഭവിക്കുന്ന നാവികർ കടലിൽ ചാടുന്നതായി അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുദ്ധം കാരണം നാവികരുടെ മാനസികാരോഗ്യം തകരുന്നതായും കടുത്ത ക്ഷീണവും ഭക്ഷണക്ഷാമവും അനുഭവപ്പെടുന്നതായും കപ്പലിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുറമുഖങ്ങളിൽ അടുപ്പിക്കാതെ തുടർച്ചയായി 240 ദിവസത്തിലധികം കപ്പൽ കടലിൽ കഴിയുന്ന റെക്കോർഡും കപ്പൽ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ മാധ്യമങ്ങളിൽ വന്നതുപോലെയുള്ള മോശം സാഹചര്യങ്ങൾ കപ്പലിൽ ഉണ്ടായിരുന്നില്ലെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാഹചര്യങ്ങൾ പൂർണമായും തെറ്റായ രീതിയിലാണ് ചിത്രീകരിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചപ്പോൾ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നും സത്യസന്ധമല്ലാത്ത സമീപനമാണ് ഉണ്ടായതെന്ന് ആക്ടിങ് നേവി സെക്രട്ടറി ഹംഗ് കാവോ ആരോപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈ വാദങ്ങൾ തള്ളിക്കളയുകയുണ്ടായി.

ക്രൂ അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ കപ്പൽ സന്ദർശിച്ചിരുന്നു. സജീവമായ 11 വിമാനവാഹിനിക്കപ്പലുകളിൽ ഏറ്റവും കുറഞ്ഞ മാനസികാരോഗ്യ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ കപ്പലിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആത്മഹത്യാ ശ്രമങ്ങളോ അതുമായി ബന്ധപ്പെട്ട ചിന്തകളോ വർധിച്ചതായി റിപ്പോർട്ടില്ലെന്ന് നേവി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ആഗസ്റ്റ് 3-ന് കടലിൽ വീണ ഒരു നാവികനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവം അധികൃതർ അന്വേഷിക്കുന്നുണ്ട്. കപ്പലിന്റെ മടക്കയാത്ര കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. സാൻ ഡെഗോയിലെ താവളത്തിലേക്ക് തിരിച്ചെത്താൻ ഏകദേശം മൂന്നാഴ്ചെയോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastabraham lincolnUS NavyWarshipUS Iran War
News Summary - After 9 months at sea, US warship leaves Middle East amid mental health concerns
Next Story