‘ഞാൻ ക്രിസ്തു മതത്തിലേക്ക് മാറാത്തത് ഇതാണ്’ -കാരണം വ്യക്തമാക്കി അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പത്നി ഉഷാ വാൻസ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യ ഉഷാ വാൻസ് താൻ ക്രൈസ്തവ മതം സ്വീകരിക്കാത്തതിന്റെ കാരണവും തങ്ങളുടെ അന്തർധാരയിലുള്ള വൈവിധ്യമാർന്ന കുടുംബജീവിതവും തുറന്നുപറയുന്നു.
ജെ.ഡി വാൻസിന്റെ പുതിയ പുസ്തകമായ ‘കമ്മ്യൂണിയൻ: ഫൈൻഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്’ പുറത്തിറങ്ങിയതിന് പിന്നാലെ, ഉഷാ വാൻസ് ക്രിസ്തുമതത്തിലേക്ക് മാറുമെന്ന തരത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്ന ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ നിലപാട് വ്യക്തമാക്കിയത്.
തന്റെ പങ്കാളി കാത്തലിക് വിശ്വാസിയായതിനാൽ മതം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും, എന്നാൽ അദ്ദേഹം തന്നെ മതം മാറ്റാൻ ദിവസവും നിർബന്ധിക്കാറില്ലെന്നും ഉഷ വ്യക്തമാക്കി.ജെ.ഡി വാൻസിന്റെ കുട്ടിക്കാലത്തെ അസ്ഥിരതകളാണ് അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതെങ്കിൽ, തനിക്ക് അത്തരമൊരു ആത്മീയ മാറ്റത്തിന്റെ ആവശ്യം വന്നില്ലെന്ന് ഉഷാ വാൻസ് ചൂണ്ടിക്കാട്ടി.
തന്റെ ഭർത്താവായ ജെ.ഡി വാൻസ് തന്റെ പ്രശസ്തമായ ‘ഹിൽബില്ലി എലിജി’ എന്ന പുസ്തകത്തിൽ വിവരിച്ചതുപോലെ, കലുഷിതമായ ഒരു കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും മാറിമാറിയുള്ള സംരക്ഷണവും ഒരുകൂട്ടം ആളുകളുടെ നിരന്തരമായ സാന്നിധ്യവും കാരണം അസ്ഥിരത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം.
എന്നാൽ സതേൺ കാലിഫോർണിയയിലെ ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ കീഴിൽ, സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ഹിന്ദു അന്തരീക്ഷത്തിലാണ് താൻ വളർന്നതെന്ന് ഉഷ പറഞ്ഞു. ആ സുരക്ഷിതത്വം തനിക്ക് ജീവിതത്തിൽ കൃത്യമായ സ്ഥിരത നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
ഭർത്താവിന്റെ ആത്മീയ യാത്രയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്, ‘നിനക്ക് തെറാപ്പി ഫലം ചെയ്തില്ല, എന്നാൽ ചർച്ച് ഫലം ചെയ്തു’ എന്ന് താൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ഉഷ വെളിപ്പെടുത്തി. ജെ.ഡിക്ക് തെറാപ്പി പ്രക്രിയകളിൽ പൂർണമായി വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ വിശദീകരിച്ചു.
തങ്ങളുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള ചില വ്യക്തിപരമായ വിവരങ്ങളും ഉഷ പങ്കുവെച്ചു. ഇവാൻ, വിവേക്, മിരാബെൽ എന്നീ മൂന്ന് കുട്ടികളുള്ള വാൻസ് ദമ്പതികൾ വരും ആഴ്ചകളിൽ തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ വിധവ എറിക്ക കിർക്കുമായി നടത്തിയ സംഭാഷണങ്ങൾ കുടുംബം വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ആക്കം കൂട്ടിയതായി അവർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

