60ലധികം ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നു
text_fields60ലധികം അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്കയെ പിൻവലിക്കാൻ ഉത്തരവിട്ട് ഡോണാൾഡ് ട്രംപ്. അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും പരമാധികാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളവ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറാൻ ട്രംപ് തീരുമാനിച്ചത്. ഈ നടപടി ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആകെ 66 സംഘടനകളിൽ 31 എണ്ണം യു.എൻ ഏജൻസികളും 35 എണ്ണം യു.എൻ ഇതര സംഘടനകളുമാണ്.
ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും നേതൃത്വത്തിൽ രൂപീകരിച്ച ഇന്‍റർനാഷനൽ സോളാർ അലയൻസിൽ (ISA) നിന്നും അമേരിക്ക പിന്മാറാൻ തീരുമാനിച്ചത് ശ്രദ്ധേയമാണ്. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള ഈ ആഗോള കൂട്ടായ്മയുടെ ആസ്ഥാനം ഇന്ത്യയിലെ ഗുരുഗ്രാമിലാണ്. ഈ സംഘടനകൾ അനാവശ്യവും, അഴിമതി നിറഞ്ഞതും, അമേരിക്കൻ നികുതിപ്പണം പാഴാക്കുന്നവയുമാണെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ആഗോള ഭരണകൂടങ്ങളുടെ സ്വാധീനത്തിൽ നിന്ന് അമേരിക്കയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
യു.എൻ പോപ്പുലേഷൻ ഫണ്ട്, യു.എൻ വുമൺ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്റർഗവൺമെന്റൽ പാനൽ (IPCC), ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗൺസിലിന് കീഴിലുള്ള വിവിധ കമീഷനുകൾ തുടങ്ങിയവയും പട്ടികയിലുണ്ട്. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് ഇനി അമേരിക്കൻ ജനതയുടെ പണം നൽകില്ല എന്നാണ് ട്രംപിന്‍റെ നയം.
ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം അമേരിക്കയാണ്. അമേരിക്ക ഫണ്ടിങ് നിർത്തുന്നതോടെ പല ആഗോള മാനുഷിക പ്രവർത്തനങ്ങളും പ്രതിസന്ധിയിലാകും. നേരത്തെ പാരീസ് കാലാവസ്ഥ കരാറിൽ നിന്നും അമേരിക്കയെ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഈ നീക്കം ആഗോള പരിസ്ഥിതി നയങ്ങളെയും അന്താരാഷ്ട്ര സഹകരണത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

