സിംഗപ്പൂർ തീരത്ത് യു.എസ് യുദ്ധക്കപ്പൽ; പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ എത്തിക്കാൻ അമേരിക്ക
text_fieldsയു.എസ്.എസ് ട്രിപ്പോളി
സിംഗപ്പൂർ: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്നതിനിടെ, കൂടുതൽ യു.എസ് നാവിക സേനാംഗങ്ങളുമായി അമേരിക്കൻ യുദ്ധക്കപ്പൽ സിംഗപ്പൂർ തീരത്തെത്തി. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന എ.ഐ.എസ് ട്രാക്കിങ് ഡാറ്റ വഴിയാണ് 'യു.എസ്.എസ് ട്രിപ്പോളി' എന്ന അത്യാധുനിക യുദ്ധക്കപ്പലിന്റെ സാന്നിധ്യം സിംഗപ്പൂർ തീരത്ത് കണ്ടെത്തിയത്.
ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ (MEU) 2,200 ഓളം വരുന്ന ദ്രുതപ്രതികരണ സേനയെയാണ് ഈ കപ്പലിൽ മധ്യപൂർവേഷ്യയിലേക്ക് അമേരിക്ക കൊണ്ടുപോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മാർച്ച് 11ന് ഒക്കിനാവയിൽ നിന്ന് പുറപ്പെട്ട കപ്പൽ തെക്കൻ ചൈനാക്കടൽ കടന്ന് ചൊവ്വാഴ്ച രാവിലെയാണ് സിംഗപ്പൂർ തീരത്തെത്തിയത്. മണിക്കൂറിൽ ഏകദേശം 22 മൈൽ (35.41 KM/H) വേഗതയിലാണ് കപ്പലിന്റെ സഞ്ചാരം.
ഏകദേശം 850 അടി നീളവും 45,000 ടൺ ഭാരവുമുള്ള യുദ്ധക്കപ്പലാണ് യു.എസ്.എസ് ട്രിപ്പോളി. ഈ കപ്പൽ ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് തുല്യമാണ്. ഇതിൽ F-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, MV-22 ഓസ്പ്രേ ട്രാൻസ്പോർട്ടുകൾ, സൈനികരെ കരയിലെത്തിക്കാനുള്ള ലാൻഡിങ് ക്രാഫ്റ്റുകൾ എന്നിവ സജ്ജമാണ്.
ഇറാനുമായുള്ള സംഘർഷ സാധ്യതകൾക്കിടയിൽ നിലവിൽ 50,000-ത്തോളം യു.എസ് സൈനികർ മധ്യപൂർവേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾക്കും കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനും പരിശീലനം ലഭിച്ചവരാണ് പുതുതായി എത്തുന്ന മറൈൻ വിഭാഗം. സുരക്ഷാ കാരണങ്ങളാൽ കപ്പലിന്റെ കൃത്യമായ ലക്ഷ്യസ്ഥാനമോ എവിടെയാണ് സൈന്യത്തെ വിന്യസിക്കുക എന്നതോ യു.എസ് നേവി വെളിപ്പെടുത്തിയിട്ടില്ല. സാധാരണയായി യുദ്ധക്കപ്പലുകൾ തങ്ങളുടെ ലൊക്കേഷൻ പുറത്തുവിടാറില്ലെങ്കിലും, ഗതാഗതത്തിരക്കേറിയ സിംഗപ്പൂർ മേഖലയിലൂടെ കടന്നുപോകുമ്പോൾ സുരക്ഷ മുൻനിർത്തിയാണ് ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

