എഫ്-35 യുദ്ധ വിമാനം വാങ്ങിയില്ലെങ്കിൽ കാനഡയുടെ വ്യോമാതിർത്തിയിലേക്ക് യുദ്ധവിമാനങ്ങളെ അയക്കുമെന്ന് യു.എസ്
text_fieldsയു.എസ് അംബാസഡർ പിറ്റ് ഹോക്സ്ട്ര
വാഷിങ്ടൺ: 88 ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ കാനഡ പിൻമാറിയാൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ കാനഡയുടെ ആകാശപരിധിയിൽ കൂടുതൽ ഇടപെടേണ്ടി വരുമെന്ന് യു.എസ് മുന്നറിയിപ്പ്. കാനഡയുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് കരാറിൽ മാറ്റം വരുത്താൻ അമേരിക്കക്ക് കഴിയുമെന്ന് കാനഡയിലെ യു.എസ് അംബാസഡർ പിറ്റ് ഹോക്സ്ട്ര മുന്നറിയിപ്പ് നൽകി.
നോറാഡ് കരാർ പ്രകാരം തങ്ങൾക്ക് നേരെയുള്ള ഭീഷണികൾ ട്രാക്ക് ചെയ്യുന്നതിനോ തടയുന്നതിനോ യു.എസിനും കാനഡക്കും പരസ്പരം വ്യോമാതിർത്തിയിൽ പ്രവർത്തിക്കാൻ കഴിയും. യുദ്ധവിമാന കരാർ മാറിയാൽ യു.എസ് ഇടപെടൽ കൂടുതൽ മുന്നോട്ട് പോകുമെന്ന് ഹോക്സ്ട്ര സൂചിപ്പിച്ചു.
2022 ലാണ് കാനഡ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന 88 എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു. 2025 ലെ പ്രാരംഭ ഓഡിറ്റിൽ പദ്ധതിയുടെ ചെലവ് 19 ബില്യൺ ഡോളറിൽ നിന്ന് 27.7 ബില്യൺ ഡോളറായി ഉയർന്നതായി കണ്ടെത്തി. പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചതിനേക്കാൾ വളരെയധികം ഉയർന്നതോടെ കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം കാനഡയിൽ ശക്തമായി ഉയർന്നിരുന്നു.
നോറാഡ് കരാർ പ്രകാരം യു.എസും കാനഡയും ചേർന്ന് വടക്കെ അമേരിക്കയുടെ ആകാശപരിധി സംയുക്തമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കാനഡയ്ക്ക് ആവശ്യമായത്ര ആധുനിക യുദ്ധവിമാനങ്ങൾ ഇല്ലെങ്കിൽ ആ സുരക്ഷാ ബാധ്യതയുടെ വലിയൊരു ഭാഗം അമേരിക്കയ്ക്ക് വഹിക്കേണ്ടി വരുമെന്ന് യു.എസ് ചൂണ്ടിക്കാട്ടുന്നു. കാനഡ എഫ്-35 കരാർ പിന്‍വലിക്കുകയോ വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ നോറാഡ് സംവിധാനത്തിൽ സുരക്ഷാ വിടവ് ഉണ്ടാകുമെന്നും അത് നികത്താൻ അമേരിക്കൻ ഫൈറ്റർ ജെറ്റുകൾ കാനഡയുടെ ആകാശത്ത് പതിവായി പട്രോളിങ് നടത്തേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾ കാരണം യു.എസും കാനഡയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യുദ്ധവിമാനക്കരാറിന്‍റെ നിബന്ധനകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യു.എസ് കരാറിനെ പിന്തുണയ്ക്കാത്തതിന് യൂറോപ്യൻ സഖ്യകക്ഷികൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

