ഗൾഫ് രാജ്യങ്ങൾക്ക് യുഎസിന്റെ മുന്നറിയിപ്പ്; നവംബർ മൂന്നിനുശേഷം ഇറാനെതിരെ യുദ്ധം, പശ്ചിമേഷ്യയിൽ വീണ്ടും ആശങ്കയുടെ കാർമേഘം
text_fieldsവാഷിങ്ടൺ: നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ‘ഹ്രസ്വവും തീവ്രവുമായ’ സൈനിക നീക്കത്തിന് തയാറെടുക്കാൻ ഗൾഫ് അറബ് രാജ്യങ്ങൾക്ക് യുഎസിന്റെ മുന്നറിയിപ്പ്. ‘ദി വാൾ സ്റ്റ്രീറ്റ് ജേണൽ’ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇറാനെ ദുർബലപ്പെടുത്തുന്നതിനും ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നതിനുമായി യു.എസും ഇസ്രായേലും ചേർന്ന് പുതിയ ഘട്ട പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നതിന്റെ സൂചനകളാണ് നയതന്ത്ര-സൈനിക ചാനലുകൾ വഴി പുറത്തുവരുന്നത്.
ടെക്സാസിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനമായ ‘പാട്രിയറ്റ്’ മിഡിൽ ഈസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ആക്രമണ സാധ്യതയുള്ള താവളങ്ങളിൽനിന്ന് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യുഎസ് സേന ആയുധശേഖരം വർധലപ്പിക്കുകയും ബോംബറുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കുകയും ചെയ്യുകയാണ്.
അടുത്ത മാസം മധ്യപൂർവദേശത്തെ ഏകദേശം 20 യു.എസ് യുദ്ധക്കപ്പലുകളോടൊപ്പം ഒരു അധിക എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും ഒരു മറൈൻ എക്സ്പെഡിഷണറി യൂനിറ്റും കൂടി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളും ആണവ നിലയങ്ങളും ലക്ഷ്യമിട്ടുള്ള ‘തിരഞ്ഞെടുപ്പിനു ശേഷമുള്ള ആക്രമണത്തിന്’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നിലനിൽക്കുന്നതോ അല്ലാത്തതോ ആയ രഹസ്യ സൈനിക പദ്ധതികളെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായില്ല. ഇറാനികൾക്ക് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രസിഡന്റ് ട്രംപ് എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
‘കുറച്ച് ആഴ്ചകൾക്കുള്ളിൽ നിങ്ങൾ ഇറാനെ കാണും’മെന്നായിരുന്നു ടെക്സാസിലെ ലബ്ബക്കിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത്.
‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹമ്മർ’, ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്നിവയിലൂടെ തങ്ങൾ ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി പൂർണമായും തകർക്കുകയും സൈനികമായും സാമ്പത്തികമായും അവരെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഇതൊക്കെ വളരെ പെട്ടെന്ന് അവസാനിക്കും, എനിക്ക് എപ്പോൾ വേണമെങ്കിലും ഇത് അവസാനിപ്പിക്കാമായിരുന്നു’-എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഇതിനു മറുപടിയായി തെഹ്റാൻ മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.തുടർന്ന് അന്തിമ സമാധാന കരാറിനായി ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം, കടലിടുക്കിലെ നാവിഗേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തകർന്നടിഞ്ഞിരുന്നു.

