ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന യു.എൻ പ്രമേയം അമേരിക്ക തള്ളി
text_fieldsയുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയിൽ പാസായില്ല.
15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു. ഗസ്സയിൽ ഇസ്രായേലിന്‍റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.
ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.
‘ഇസ്രായേലിനും ഫലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്ന സമാധാന അന്തരീക്ഷത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിലും, ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനത്തെ ഞങ്ങൾ പിന്തുണക്കുന്നില്ല. ഇത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂ, കാരണം ശാശ്വതമായ സമാധാനം കാണാനും ദ്വിരാഷ്ട്ര പരിഹാരം കാണാനും ഹമാസിന് ആഗ്രഹമില്ല’ -യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. അതേസമയം, സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്‍റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താൽക്കാലികമായി നിർത്തിവെക്കുന്നതിനെ തങ്ങൾ പിന്തുണക്കുന്നതായും അമേരിക്ക അറിയിച്ചു.
യു.എൻ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയിൽ ഫലസ്തീൻ ശക്തമായി അപലപിച്ചു. ഇസ്രായേൽ സൈനികനീക്കത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,480 ആയി. ഇതിൽ 4,000-ത്തിലധികം പേർ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്. ഈ സംഖ്യകളെല്ലാം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു.
വായുവിൽ നിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണങ്ങൾ ദിവസവും തീവ്രമാക്കുകയാണ്. ഇതുവരെ 339 വിദ്യാഭ്യാസ സൗകര്യങ്ങൾ, 26 ആശുപത്രികൾ, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 88 പള്ളികൾ, മൂന്ന് ചർച്ചുകൾ എന്നിവ അവർ നശിപ്പിച്ചു. ഗസ്സയിലെ 60 ശതമാനത്തിലധികം ഭവനങ്ങളും -ഏകദേശം 3,00,000 വീടുകളും അപ്പാർട്ടുമെന്റുകളും- നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. ജനസംഖ്യയുടെ 85 ശതമാനവും വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

