ഗസ്സ വെടിനിർത്തൽ: രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത് യു.എസ്
text_fieldsഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമപ്രവർത്തകന് അരികെ ദുഃഖിതരായ സഹപ്രവർത്തകർ
ജനീവ: ഗസ്സ മുനമ്പിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് യു.എസ്. ഗസ്സ മുനമ്പിലെ 21 ലക്ഷം ജനങ്ങളുടെ അവസ്ഥ ദുരിതമാണെന്നും മാനുഷിക സഹായ വിതരണത്തിനുള്ള ഇസ്രായേൽ ഉപരോധം എടുത്തുമാറ്റണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ 15 അംഗ സമിതിയിലെ മറ്റെല്ലാ രാജ്യങ്ങളും അനുകൂലിച്ചു.
2023 ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തെ അപലപിച്ചില്ലെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സയിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തത്. ഡസൻ കണക്കിന് ഫലസ്തീനികൾ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് യു.എസ്-ഇസ്രായേൽ നേതൃത്വത്തിലുള്ള സഹായ വിതരണം നിർത്തിവെച്ചതിന് പിന്നാലെയാണ് രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടവും നവംബറിൽ രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്തിരുന്നു. ബന്ദികളെ നിരുപാധികം വിട്ടയക്കുന്ന കാര്യം പറയുന്നില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് എതിർത്തത്.
ഹമാസിനെ ശക്തിപ്പെടുത്തുന്നതും ഇസ്രായേലിന്റെ സുരക്ഷയെയും വെടിനിർത്തൽ നടപ്പാക്കാനുള്ള നയതന്ത്ര ചർച്ചകളെയും ദുർബലപ്പെടുത്തുന്നതുമാണ് പ്രമേയമെന്ന് താൽക്കാലിക അംബാസഡർ ഡൊറോതി ഷീ കുറ്റപ്പെടുത്തി. അതേസമയം, യു.എസ് നടപടിയെ സമിതിയിലെ മറ്റ് അംഗ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇസ്രായേൽ നടപടി യു.എൻ പ്രമേയങ്ങളുടെ ലംഘനവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ എല്ലാ അതിർവരമ്പുകളും കടക്കുന്നതാണെന്ന് ചൈന കുറ്റപ്പെടുത്തി. ഒരേയൊരു രാജ്യത്തിന്റെ സംരക്ഷണം കാരണം, ഈ ലംഘനങ്ങൾ തടയാനോ ഉത്തരവാദിത്തം ചുമത്താനോ കഴിയുന്നില്ലെന്നും നയതന്ത്ര പ്രതിനിധി ഫു കോങ് ചൂണ്ടിക്കാട്ടി. ഗസ്സ മുനമ്പിൽ ആക്രമണം വ്യാപിപ്പിക്കാനും മാനുഷിക സഹായത്തിന് കടുത്ത ഉപരോധം ഏർപ്പെടുത്താനുമുള്ള ഇസ്രായേൽ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്ന് യു.എസിന്റെ സഖ്യകക്ഷിയായ ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധി ബാർബറ വുഡ്വാർഡ് തുറന്നടിച്ചു. യോജിപ്പില്ലാത്തതും വിപരീതഫലം ഉണ്ടാക്കുന്നതുമായ നടപടിയെ യു.കെ പൂർണമായും എതിർക്കുന്നതായും അവർ വ്യക്തമാക്കി.
സാധാരണക്കാരെ പട്ടിണിക്കിട്ട് കനത്ത ദുരിതം വരുത്തിവെക്കുന്നത് മനുഷ്യത്വരഹിതവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് സ്ലൊവീനിയൻ നയതന്ത്ര പ്രതിനിധി സാമുവൽ ബോർഗർ പറഞ്ഞു. ഒരു യുദ്ധലക്ഷ്യത്തിന് വേണ്ടിയും അത്തരമൊരു നടപടിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ മാനുഷിക ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സമാനമായ പ്രമേയം 193 അംഗ യു.എൻ പൊതുസഭയിലും അവതരിപ്പിക്കുമെന്ന് ഫലസ്തീൻ അംബാസഡർ രിയാദ് മൻസൂർ അറിയിച്ചു.
മാർച്ച് രണ്ടിന് സഹായ വിതരണത്തിന് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഫലസ്തീനികൾ കടുത്ത പട്ടിണിയിലാണ്. ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗസ്സയിൽ ഫലസ്തീനികളെ വെടിവെച്ചുകൊല്ലുകയും പരിക്കേൽപിക്കുകയും ചെയ്യുന്ന ഭയാനകമായ കാഴ്ചകൾ ലോകം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണെന്ന് യു.എൻ മാനുഷിക സഹായ വിഭാഗം തലവൻ ടോം ഫ്ലെച്ചർ പറഞ്ഞു. യു.എൻ നേതൃത്വത്തിലുള്ള ഭക്ഷ്യസഹായ വിതരണം ഉടൻ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സ സിറ്റിയിലെ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.. ഗസ്സ മുനമ്പിൽ വ്യാഴാഴ്ച മാത്രം 43 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ
തെൽ അവിവ്: ഗസ്സയിൽ ബന്ദിയാക്കപ്പെട്ട രണ്ട് ഇസ്രായേൽ-അമേരിക്കൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സൈന്യവും ആഭ്യന്തര സുരക്ഷ ഏജൻസിയായ ഷിൻ ബെതും നടത്തിയ പ്രത്യേക ഓപറേഷനിലൂടെയാണ് ജൂഡി വെയ്ൻസ്റ്റൈന്റെയും ഗാഡ് ഹഗ്ഗായിയുടെയും ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് തിരിച്ചെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 70കാരിയായ വെയ്ൻസ്റ്റൈനും 72 വയസ്സുള്ള ഹഗ്ഗായിയും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ മൃതദേഹങ്ങൾ മുജാഹിദീൻ ബ്രിഗേഡ് ഗസ്സയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സൈന്യം ആരോപിച്ചു. ബുധനാഴ്ച രാത്രി ഖാൻ യൂനിസിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും അവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

