‘ദോഹ ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ഒറ്റപ്പെടൽ മുതലെടുത്താണ് ബന്ദി മോചന കരാർ യാഥാർത്ഥ്യമാക്കിയത്’: ജാരെദ് കുഷ്‌നർ
text_fieldsജാരെദ് കുഷ്‌നർ
വാഷിങ്ടൺ: ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ വിവാദമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ നേരിട്ട ആഗോള ഒറ്റപ്പെടൽ മുതലാക്കിയാണ് അമേരിക്ക ഗസ്സ വെടിനിർത്തൽ-ബന്ദി മോചന കരാർ ഒപ്പുവെപ്പിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഈ ആക്രമണം നടന്നത്.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടെങ്കിലും ആ നീക്കം പരാജയപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഏതാനും താഴെത്തട്ടിലുള്ള അംഗങ്ങളും മാത്രമാണ് കൊല്ലപ്പെടുകയും ചെയ്തത്. ഈ സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കടുത്ത ഒറ്റപ്പെടൽ നേരിട്ടിരുന്നു. ഈ സമ്മർദം കൃത്യമായി ഉപയോഗപ്പെടുത്താൻ അമേരിക്കക്ക് കഴിഞ്ഞുവെന്നാണ് യാൽറ്റ യൂറോപ്യൻ സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവേ കുഷ്‌നർ വ്യക്തമാക്കിയത്.
കൃത്യമായ നയതന്ത്ര മുൻകരുതലുകൾ എടുത്തിരുന്നതുകൊണ്ടാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ സാധിച്ചതെന്നും കുഷ്നെർ അവകാശപ്പെട്ടു. ദോഹയിലെ ആക്രമണത്തെ 'മോശമായ ഒരു സൈനിക നീക്കം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേലിന്റെ ആ ഒറ്റപ്പെടൽ കാരണം അന്ന് അവർക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ആ നീക്കം ആത്യന്തികമായി എല്ലാവർക്കും ഗുണകരമായി മാറിയെന്നും കൂട്ടിച്ചേർത്തു.
എന്നാൽ കുഷ്‌നറുടെ ഈ പ്രസ്താവനക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി രംഗത്തെത്തി. ഖത്തറിലെ ഹമാസ് ആസ്ഥാനത്ത് ഐ.ഡി.എഫ് നടത്തിയ ശക്തമായ ആക്രമണവും ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദവുമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നിർബന്ധിതരാക്കിയതെന്നാണ് പാർട്ടി പ്രസ്താവനയിൽ അവകാശപ്പെട്ടത്.
ദോഹ ആക്രമണത്തെ തുടർന്ന് ഖത്തർ ഭരണാധികാരിയോട് പരസ്യമായി മാപ്പ് പറയാൻ നെതന്യാഹുവിന്മേൽ വാഷിങ്ടൺ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറോടെ ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരികയും ബാക്കിയുണ്ടായിരുന്ന എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കരാറിന് ശേഷമുള്ള ഇസ്രായേൽ ആക്രമണം ഇതുവരെ അവസാനിക്കുകയോ കരാറിലെ മറ്റ് വ്യവസ്ഥകൾ പാലിക്കപ്പെടുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

