യു.എസിൽ ഡോക്യുമെന്ററി താരമായ ട്രാൻസ്‍വുമൺ വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsഅറ്റ്ലാൻറ: യു.എസിൽ ഡോക്യുമെന്ററി താരമായ ട്രാൻസ്‍വുമണിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നടി റഷീദ വില്യംസിനെയാണ് ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
35 കാരിയായ ഇവർ ‘കോകോ ഡ ഡോൾ’ എന്നാണ് അറിയപ്പെടുന്നത്. കറുത്തവർഗക്കാരായ ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഇവർ വിവിധ പുരസ്കാരങ്ങൾക്ക് അർഹമായ ഡോക്യുമെന്ററി ‘കോകോമോ സിറ്റി’യിലൂടെയാണ് പ്രശസ്തയാകുന്നത്. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റയിലെ ഷോപ്പിങ് മാളിന് സമീപം ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കോകോമോ സിറ്റി ഡോക്യുമെന്ററിയിലെ പ്രധാന റോളുകളിലൊന്ന് അവതരിപ്പിച്ചത് റഷീദ വില്യംസായിരുന്നു. ജനുവരിയിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഗ്രാമി നോമിനേറ്റഡ് ഗായകനും ഗാനരചയിതാവും നിർമാതാവുമായ ഡി സ്മിത്താണ് ഡോക്യുമെന്ററിയുടെ സംവിധായകൻ.
റഷീദ വില്യംസിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറ്റ്ലാന്റ പൊലീസ് അറിയിച്ചു. ഈ വർഷം ആദ്യം രണ്ട് ട്രാൻസ്ജെൻഡർ സ്ത്രീകൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു.
2022ൽ മാത്രം ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലെ 38 പേർ കൊല്ലപ്പെട്ടുവെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എൽ.ജി.ബി.ടി സംഘടനകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

