ഹൂതികളെ ഭീകരപ്പട്ടികയിലാക്കാൻ യു.എസ്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ മനുഷ്യക്കുരുതിക്ക് നിരുപാധിക പിന്തുണ ഉറപ്പാക്കുന്നതിനിടെ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്ന ഹൂതികളെ ഭീകരപ്പട്ടികയിൽപെടുത്താൻ യു.എസ്. ആസ്തികൾ മരവിപ്പിക്കുകയും സഹായം തടയുകയും ചെയ്യുന്ന പ്രത്യേക ആഗോള ഭീകരരുടെ പട്ടികയിൽ ഹൂതികളെയും പെടുത്തുന്ന നടപടികൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചെങ്കടലിൽ ഇസ്രായേൽ ബന്ധം സംശയിക്കുന്ന കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം തുടരുന്നുണ്ട്.
ഏറ്റവുമൊടുവിൽ, ഇസ്രായേലിലേക്കു പോയ കപ്പൽ ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ഗസ്സയിൽ ഇസ്രായേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുംവരെ തുടരുമെന്നാണ് ഹൂതികളുടെ അവകാശവാദം. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകുന്ന സംയുക്ത സേന ചെങ്കടലിൽ നിരീക്ഷണവും ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയും ഹൂതികൾക്കുനേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരപ്പട്ടികയിൽ പെടുത്തൽ. നേരത്തെ ഹൂതികൾ ഈ പട്ടികയിലുണ്ടായിരുന്നെങ്കിലും 2021ൽ ഒഴിവാക്കിയിരുന്നു.
ഇസ്രായേൽ തുടരുന്ന വംശഹത്യക്ക് അടിയന്തരമായി സാമ്പത്തിക, സൈനിക സഹായം എത്തിക്കുന്നതിനിടെയാണ് മേഖലയിൽ അവർക്കെതിരെ നിലപാടുള്ള മറ്റു ശക്തികൾക്കുനേരെ കടുത്ത ആക്രമണം യു.എസ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

