Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക താവളത്തിലെ കൂട്ടക്കൊല: ഫലസ്തീൻ വംശജന്റെ വധശിക്ഷ പരസ്യമായി നടപ്പാക്കും; യു.എസിൽ ചരിത്രത്തിലാദ്യമായി ലൈവ് സംപ്രേഷണവും

text_fields
bookmark_border
സൈനിക താവളത്തിലെ കൂട്ടക്കൊല: ഫലസ്തീൻ വംശജന്റെ വധശിക്ഷ പരസ്യമായി നടപ്പാക്കും; യു.എസിൽ ചരിത്രത്തിലാദ്യമായി ലൈവ് സംപ്രേഷണവും
cancel

വാഷിങ്ടൺ: അമേരിക്കയിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിലെ പ്രതി നിദാൽ ഹസന്റെ വധശിക്ഷ പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ ടെക്സസിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ സൈനിക സൈക്യാട്രിസ്റ്റ് ഹസനെ ഫയറിങ് സ്ക്വാഡ് വഴി വധിക്കാനാണ് തീരുമാനം. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്നും പെന്റഗൺ അറിയിച്ചു.

1945-നു ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യ ഫയറിങ് സ്ക്വാഡ് വധശിക്ഷയായിരിക്കുമിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് നിദാൽ ഹസന് ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കുന്നത്. വരുന്ന ഡിസംബർ 3-ന് ഉച്ചക്ക് 1 മണിക്ക് (യു.എസ് സെൻട്രൽ സമയം) ടെക്സസിലെ ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. കൃത്യം 17 വർഷം മുൻപ് പ്രതി വെടിവെപ്പ് നടത്തിയ അതേ ദിവസവും സമയവും സ്ഥലവും തന്നെ ഇതിനായി തെരഞ്ഞെടുത്തത് ബോധപൂർവ്വമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നത് ജനങ്ങൾ മനസ്സിലാക്കണമെന്നും, അതിനാൽ വധശിക്ഷ എല്ലാവർക്കും കാണാൻ സാധിക്കുന്ന രീതിയിൽ പരസ്യമാക്കുമെന്നും പീറ്റ് ഹെഗ്സെത്ത്'റിയൽ അമേരിക്കാസ് വോയ്സ്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇത്തരമൊരു തീരുമാനമെടുക്കാൻ വലിയ ആലോചനയുടെ ആവശ്യമില്ലായിരുന്നുവെന്ന നിലപാടാണ് ഹെഗ്സെത്ത് സ്വീകരിച്ചത്. ഇത് പോലുള്ള കുറ്റകൃത്യങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അതിനാലാണ് വധശിക്ഷ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ സംപ്രേഷണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹസന്റെ അവസാന ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന തരത്തിലായിരുന്നു ഹെഗ്സെത്തിന്റെ പ്രതികരണം.

എന്നാൽ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ ട്രംപ് വ്യക്തിപരമായി പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് വ്യക്തമായ മറുപടി നൽകിയില്ല. ചോദ്യങ്ങൾ പെന്റഗണിനോട് ഉന്നയിക്കാനായിരുന്നു നിർദേശം. വധശിക്ഷയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പെന്റഗൺ അധികൃതർ അറിയിച്ചു.

2009 നവംബർ അഞ്ചിനാണ് ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിൽ നിദാൽ ഹസൻ വെടിവെപ്പ് നടത്തിയത്. ലേസർ ലക്ഷ്യനിർണയ സംവിധാനമുള്ള കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഫ്ഗാനിസ്താനിലേക്ക് സൈനിക വിന്യാസത്തിന് പോകാൻ ആഴ്ചകൾ മാത്രം ശേഷിക്കെയായിരുന്നു ഹസന്റെ ആക്രമണം. സംഭവത്തിനിടെ പൊലീസിന്റെ വെടിയേറ്റ ഹസൻ ഭാഗികമായി തളർന്ന നിലയിലായി. പിന്നീട് വീൽചെയറിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

2013 ആഗസ്റ്റിൽ സൈനിക കോടതി ഹസനെ കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചു. ആസൂത്രിത കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെ 45 കുറ്റങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

അമേരിക്കയിൽ വധശിക്ഷകൾ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾ മുൻകാലങ്ങളിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും കോടതികൾ അതിന് അനുമതി നൽകിയിരുന്നില്ല. നിയമപരമായ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്ന മറ്റൊരു രാജ്യം നിലവിൽ അറിയില്ലെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്ന വിദഗ്ധർ പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US to livestream Army firing squad execution of Fort Hood shooter, Pentagon says
Next Story