ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ പുതിയ താരിഫുമായി യു.എസ്; നിർബന്ധിത തൊഴിലിലൂടെ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്നാരോപണം
text_fieldsവാഷിങ്ടൺ: നിർബന്ധിത തൊഴിലിലൂടെ നിർമിച്ച ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയാൻ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ചുമത്താൻ പ്രമേയം മുന്നോട്ട് വെച്ച് യു.എസ് വ്യാവസായിക പ്രതിനിധികൾ. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301(b) പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്കു പുറമെ ആസ്ട്രേലിയ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, കുവൈറ്റ്, സൗദി അറേബ്യ, സിംഗപ്പൂർ, ബ്രിട്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികൾ പരാജയപ്പെടുന്നത് അംഗീകരിക്കാനാവിെന്നും ഇത് യു.എസിലെ തൊഴിലാളികളെ ആഗോളതലത്തിൽ അസന്തുലിതമായ മത്സരത്തിലേക്ക് തള്ളിയിടുന്നുവെന്നും യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീർ പറഞ്ഞു.
അന്വേഷണത്തിന് വിധേയമായ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യു.എസ്.ടി.ആർ നിർദേശിക്കുകയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധിത തൊഴിൽ ഇറക്കുമതി നിരോധനം നടപ്പിലാക്കിയതോ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായതോ ആയ സമ്പദ്‌വ്യവസ്ഥകൾക്ക് 10% അധിക തീരുവയും, മറ്റുള്ളവക്ക് 12.5% തീരുവയും ഏർപ്പെടുത്താനാണ് ഏജൻസി നിർദ്ദേശിക്കുന്നത്. മാർച്ച് 12-നാണ് ഏജൻസി അന്വേഷണം ആരംഭിച്ചത്. പൊതുജന അഭിപ്രായ രൂപീകരണ പ്രക്രിയയിൽ ഏകദേശം 60 സാക്ഷികളുടെ മൊഴികളും 500-ഓളം അഭിപ്രായങ്ങളും ലഭിച്ച ശേഷമാണ് തങ്ങൾ തീരുമാനത്തിൽ എത്തിയതെന്ന് യു.എസ്.ടി.ആർ അറിയിച്ചു.
ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം നിർണായക സാഹചര്യത്തിൽ എത്തിയ സമയത്താണ് യു.എസിന്‍റെ താരിഫ് നീക്കം. ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. വിപണി പ്രവേശനം, തീരുവകൾ, ഡിജിറ്റൽ വ്യാപാരം, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെയും യു.എസിന്‍റെയും ഉദ്യോഗസ്ഥർ കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജൂലൈ 6 വരെയാണ് നിർദ്ദേശങ്ങളിൽ രേഖാമൂലമുള്ള അഭിപ്രായങ്ങൾ അറിയിക്കാൻ യു.എസ്.ടി.ആർ സമയം നൽകിയിട്ടുള്ളത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂലൈ 7-ന് പൊതുതെളിവെടുപ്പും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

