യുക്രെയ്ന്‍ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: യുക്രെയ്ന്‍ വിഷയുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയുമായി ചർച്ചകൾ തുടരുകയാണെന്നും അടുത്ത മാസം ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും ഇത് തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു. ഇന്ത്യ യുക്രെയ്നെ പിന്തുണക്കുകയാണെങ്കിൽ ലഭിക്കാന്‍ പോകുന്ന സഹായങ്ങളെയും ഉപരോധങ്ങളെയും കുറിച്ച് വിശദമായി ചർച്ച ചെയ്തതായി അവർ പറഞ്ഞു.
മെയിലെ ക്വാഡ് ഉച്ചകോടിയിൽ യുക്രെയ്ന്‍ വിഷയം അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അവർ. ഉച്ചകോടിയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്ന് യു.എസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു.
അതേസമയം ക്വാഡ് ഉച്ചകോടി കുറച്ച് ആഴ്ചകൾ കഴിഞ്ഞ് നടക്കുന്നത് കൊണ്ട്തന്നെ എന്തും സംഭവിക്കാമെന്നും സാക്കി സൂചിപ്പിച്ചു. ക്വാഡിൽ ഉൾപ്പെടുന്ന മറ്റ് രാജ്യങ്ങളെല്ലാം അധിനിവേശത്തിൽ ഇന്ത്യക്കൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുനൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങൾക്കിടയിലെ നയതന്ത്രപരമായ ചർച്ചയാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് ഉച്ചകോടിയിൽ നടക്കുന്നത്.