പുതിയ തന്ത്രവുമായി അമേരിക്ക; ഇറാനിയൻ വിമാനങ്ങളെ ലോകമെമ്പാടും തടയും
text_fieldsവാഷിങ്ടൺ: ഇറാന്റെ വ്യോമയാന മേഖലയെ പൂർണമായി സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് രംഗത്ത്. അന്താരാഷ്ട്ര സർവിസുകൾ നടത്തുന്ന ഇറാനിയൻ വിമാനങ്ങളെ ഈ ആഴ്ചയോടെ ലോകമെമ്പാടും തടയുമെന്നും, ഇതിനായി വിദേശ കമ്പനികൾക്ക് സെക്കൻഡറി ഉപരോധ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസ്സെന്റിന്റെ പ്രഖ്യാപനം. യു.എസ്-ഇറാൻ യുദ്ധം ഏഴ് മാസത്തോട് അടുക്കുന്നതിനിടെയാണ് വാഷിങ്ടണിന്റെ പുതിയ സാമ്പത്തിക നീക്കം.
വിമാന കമ്പനികൾക്ക് പുറമെ വിമാനത്താവളങ്ങൾ, ടിക്കറ്റിങ് കമ്പനികൾ, ഇന്ധന വിതരണക്കാർ, മറ്റ് അനുബന്ധ സേവന സ്ഥാപനങ്ങൾ എന്നിവരെയും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. ‘ഇറാനിയൻ വിമാനങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ ആരും ഇന്ധനമോ ലാൻഡിങ് സേവനങ്ങളോ ടിക്കറ്റോ നൽകരുത്. നൽകിയാൽ അമേരിക്കൻ ഡോളർ സംവിധാനത്തിൽ നിന്ന് ആ രാജ്യങ്ങളെ പുറത്താക്കും’ -ബെസ്സെന്റ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സാമ്പത്തിക യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി.
യു.എസ് മുന്നറിയിപ്പിനെ തുടർന്ന് പല രാജ്യങ്ങളും ഇറാനിയൻ വിമാനങ്ങളുടെ സർവിസുകൾ നിരോധിച്ചുതുടങ്ങി. യു.എസ് ട്രഷറി പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിയൻ വിമാനങ്ങളുടെ സർവിസുകൾ സസ്പെൻഡ് ചെയ്യുമെന്ന് രണ്ട് ഇറാഖി വൃത്തങ്ങൾ എ.എഫ്.പിയോട് വ്യക്തമാക്കി.
ജോർജിയയും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുർക്കിയ സർക്കാറിന്റെ ആവശ്യപ്രകാരം ഇറാനിലെ മഹാൻ എയർലൈൻസും തുർക്കിയയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇറാൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ദീർഘകാലമായി ഉപരോധം നേരിടുന്ന ഇറാൻറെ വ്യോമയാന മേഖല, വിമാനങ്ങളും സ്പെയർ പാർട്സുകളും അറ്റകുറ്റപ്പണി സേവനങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ്ങുമായി സ്കോട്ട് ബെസ്സെന്റ് നടത്തിയ സാമ്പത്തിക ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചൈനീസ് ലീഡർ ഷി ജിൻപിങ്ങിന്റെയും ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ ചർച്ചകൾ. ഇറാനുമായുള്ള പ്രധാന സാമ്പത്തിക പങ്കാളിയും നയതന്ത്ര പിന്തുണക്കാരിലൊന്നുമാണ് ചൈന.
കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻറെ പരമോന്നത നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ഊർജ്ജ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരുന്നു.
ഇത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഫെബ്രുവരിയിലെ ആക്രമണങ്ങളെ തുടർന്ന് ഇറാനിയൻ വ്യോമപാത പൂർണമായി അടച്ചിരുന്നു. പിന്നീട് ഇറാനിയൻ വിമാനങ്ങൾക്കായി മാത്രം ചില സർവിസുകൾ പുനഃസ്ഥാപിച്ചിരുന്നെങ്കിലും, അവയും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

