ചൈനീസ് കമ്പനികളുടെ വിദേശ ശാഖകൾക്കും എ.ഐ ചിപ്പ് നിയന്ത്രണമേർപ്പെടുത്തി യു.എസ് ഉത്തരവ്
text_fieldsവാഷിങ്ടൺ: ചൈനീസ് കമ്പനികളുടെ വിദേശത്തുള്ള ഉപകമ്പനികൾക്കും എ.ഐ ചിപ്പുകൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക. കയറ്റുമതി നിയന്ത്രണങ്ങളിലെ പഴുതുകൾ അടക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ വകുപ്പ് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ചൈനയിൽ ആസ്ഥാനമോ മാതൃകമ്പനിയോ ഉള്ള എല്ലാ ബിസ്നസ്സ് സ്ഥാപനങ്ങൾക്കും അത്യാധുനിക എ.ഐ ചിപ്പുകൾ കൈമാറുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് യു.എസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി അറിയിച്ചു. നിലവിലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ അവകാശപ്പെട്ടു.
മുമ്പ് ബൈഡൻ ഭരണകൂടം കൊണ്ടുവന്ന 'ഫ്രെയിംവർക്ക് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിഫ്യൂഷൻ' ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ കയറ്റുമതി നിയന്ത്രണങ്ങളിൽ അവ്യക്തത ഉണ്ടായതിനെത്തുടർന്നാണ് ഇത്തരം ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് സുഗമമായി ലഭിക്കാൻ വഴിയൊരുങ്ങിയത്. ഇത് സുരക്ഷാ ഭീഷണിയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ.
പുതിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകുമെന്ന് അമേരിക്കൻ ചിപ്പ് ഭീമനായ എൻവിഡിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എ.എം.ഡി, ഇന്റൽ തുടങ്ങിയ കമ്പനികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ആഗോളതലത്തിൽ എ.ഐ സാങ്കേതികവിദ്യയിൽ ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന കടുത്ത പോരാട്ടത്തിനിടെയാണ് സുപ്രധാനമായ ഈ തീരുമാനം വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

