ഫലസ്തീൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ നിർത്തിവെച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഫലസ്തീൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസക്ക് അംഗീകാരം നൽകുന്നത് ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ ഉദ്യോഗസഥർ. ഗസ്സയിൽ നിന്നുള്ള ഫലസ്തീനികൾക്കുള്ള സന്ദർശക വിസകളിൽ യു.എസ് ഉദ്യോഗസ്ഥർ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നയം. അടുത്ത മാസം ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഫലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ലെന്ന് കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞിരുന്നു.
ആഗസ്റ്റ് 18ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനം എല്ലാ യു.എസ് എംബസികൾക്കും കോൺസുലേറ്റുകൾക്കും അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയതനുസരിച്ച്, കൂടുതൽ വിപുലമായ നടപടികളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീനികളായ പ്രവാസികളിൽ നിന്നുമുള്ള വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകൾ വഴി അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുമെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ നടപടികൾ ചികിത്സ, സർവകലാശാലാ പഠനം, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സന്ദർശനങ്ങൾ, ബിസിനസ്സ് യാത്ര എന്നിവക്കുള്ള വിസകളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
വിസ നിയന്ത്രണങ്ങൾക്ക് കാരണമെന്താണെന്ന് വ്യക്തമല്ല, പക്ഷേ വരും ആഴ്ചകളിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പദ്ധതിയിടുന്ന നിരവധി യു.എസ് സഖ്യകക്ഷികളുടെ പ്രഖ്യാപനങ്ങൾക്കു പിന്നാലെയാണിത്. ചില ഉന്നത യു.എസ് ഉദ്യോഗസ്ഥർ അംഗീകാരത്തിനായുള്ള ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. ഇസ്രായേലും അപലപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

