അഫ്ഗാൻകാർക്ക് വിസയും മറ്റു വിദേശികൾക്ക് അഭയവും നിർത്തിവെച്ച് യു.എസ്
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താൻ പാസ്‌പോർട്ടുള്ളവർക്ക് വിസ നൽകുന്നതും മറ്റു വിദേശികൾക്ക് അഭയം നൽകുന്നതും നിർത്തിവെച്ച് യു.എസ് ഭരണകൂടം. കഴിഞ്ഞ ദിവസം നാഷനൽ ഗാർഡ് അംഗങ്ങൾക്ക് വെടിയേറ്റ സംഭവത്തിന് പിന്നാലെയാണ് നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നത്. പൊതുജനങ്ങളുടെ സംരക്ഷണത്തിനായാണ് അഫ്ഗാൻ പാസ്പോർട്ടുള്ളവർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
എല്ലാ വിദേശികളെയും പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ അഭയ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. അഭയം തേടുന്നവരുടെ പശ്ചാത്തല പരിശോധന നടത്താൻ യു.എസിന് കർശനമായ സംവിധാനങ്ങളുണ്ട്.
വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പിൽ വെസ്റ്റ് വിർജീനിയ നാഷനൽ ഗാർഡിലെ സ്പെഷലിസ്റ്റ് സാറാ ബെക്‌സ്ട്രോം (20) കൊല്ലപ്പെട്ടിരുന്നു. സ്റ്റാഫ് സാർജന്റ് ആൻഡ്രൂ വോൾഫിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിയുതിർത്ത അഫ്ഗാൻകാരൻ റഹ്മാനുള്ള ലകൻവാൾ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യും.
അഫ്ഗാൻ യുദ്ധസമയത്ത് യു.എസ് ചാരസംവിധാനമായ സി.ഐ.എയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഇയാൾ. ജോ ബൈഡൻ പ്രസിഡന്റായ സമയത്ത് അഭയം തേടാൻ അപേക്ഷ നൽകിയ ഇയാൾക്ക് കഴിഞ്ഞവർഷമാണ് അനുമതി ലഭിച്ചത്. വെടിവെപ്പ് ഭീകരാക്രമണമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

