വാഷിങ്ടൺ വെടിവെപ്പ്: അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകളിലെ നടപടികൾ നിർത്തിവെച്ച് അമേരിക്ക
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകളിലെ നടപടികൾ നിർത്തിവെച്ച് അമേരിക്ക. യു.എസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) ആണ് നടപടികൾ നിർത്തിവെച്ചത്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാകും വരെ അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ അപേക്ഷകളുടെ നടപടികൾ അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിർത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്‍റെയും അമേരിക്കൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും തങ്ങളുടെ ഏക ശ്രദ്ധയും ദൗത്യവുമാണെന്നും യു.എസ്.സി.ഐ.എസ് ചൂണ്ടിക്കാട്ടി.
2021 സെപ്റ്റംബറിൽ അമേരിക്കയിലേക്ക് കുടിയേറിയ 29കാരനായ അഫ്ഗാൻ പൗരൻ റഹ്മാനുള്ള ലഖൻവാളാണ് വെടിവെപ്പ് നടത്തിയത്. 'ഓപറേഷൻ അലീസ് വെൽകം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇയാൾ അമേരിക്കയിലെത്തിയത്. അതേസമയം, 2021ൽ താലിബാൻ അധികാരം പിടിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാൻ പൗരന്മാർ കൂടുതൽ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും അഫ്ഗാൻ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, വാഷിങ്ടൺ ഡി.സിയിലെ വെടിവെപ്പിൽ രൂക്ഷപ്രതികരണമാണ് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നടത്തിയത്. വാഷിങ്ടണിൽ വെടിവെപ്പ് നടത്തിയ അക്രമിയെ 'മൃഗം' എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്തിനെതിരെയും മനുഷ്യരാശിക്കെതിരെയുമുള്ള കുറ്റകൃത്യമാണിത്. അക്രമിയുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ പ്രാദേശിക സമയം 2.15നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ നാഷണൽ ഗാർഡ് അംഗങ്ങളായ രണ്ടു പേർക്ക് പരിക്കേറ്റു. തലക്ക് വെടിയേറ്റ സൈനികരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ അറിയിച്ചു.
അക്രമി 15ലധികം തവണ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണൽ ഗാർഡ് അംഗങ്ങൾ അക്രമിയെ കീഴ്പ്പെടുത്തിയത്. വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണൽ ഗാർഡ് അംഗങ്ങളെ വാഷിങ്ടൺ ഡി.സിയിൽ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

