
യു.എസിലെ സ്കൂളിൽ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്
text_fieldsവാഷിങ്ടൺ: മിഷിഗണിലെ സ്കൂളിൽ 15കാരൻ നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഒരു അധ്യാപകനുൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മിഷിഗൺ പൊലീസ് അറിയിച്ചു.
മിഷിഗണിലെ ഓക്സ്ഫഡ് ഹൈസ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെ ഉച്ചക്ക് ശേഷമായിരുന്നു ആക്രമണം. 16കാരനും 14കാരിയും 17കാരിയുമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ ആറുപേരുടെ ആേരാഗ്യനില തൃപ്തികരമാണ്. രണ്ടുപേരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ആക്രമണം നടത്തിയ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സെമി ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ല. 15കാരൻ സഹപാഠികൾക്ക് നേരെ 15 മുതൽ 20ഓളം തവണ വെടിയുതിർത്തതായും ഇത് അഞ്ചുമിനിട്ടോളം നീണ്ടുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ദുഃഖം രേഖപ്പെടുത്തി. മിനിസോട്ട സന്ദർശനത്തിലായിരുന്നു അദ്ദേഹം.
